Kerala

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളിൽ യെല്ലോ അലര്‍ട്ട് | Chance of isolated heavy rain; Yellow alert in two districts

തിരുവനന്തപുരം: വിവിധ ജില്ലകളിൽ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. മുൻകരുതലിന്‍റെ ഭാഗമായി പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കർണാടകക്കും, തമിഴ്നാടിനും മുകളിലായി രൂപപെട്ട ചക്രവാത ചുഴികളുടെ സ്വാധീനമായാണ് നിലവിലെ മഴ.

മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിനും ആൻഡമാൻ കടലിനും മുകളിലായി ന്യൂനമർദ്ദം രൂപപ്പെട്ടിട്ടുണ്ടെന്നും ഇന്ന് രാവിലെയോടെ തീവ്ര ന്യൂന മർദ്ദമായും 23 ന് ചുഴലിക്കാറ്റായും ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അടുത്ത 24 മണിക്കൂറിൽ ദന ചുഴലിക്കാറ്റ് രൂപപ്പെടുമെന്നും ബംഗാൾ തീരത്തേക്ക് നീങ്ങുമെന്നാണ് മുന്നറിയിപ്പ്. ചുഴലിക്കാറ്റ് കേരളത്തെ നേരിട്ട് ബാധിക്കില്ലെങ്കിലും ഈ ദിവസങ്ങളിൽ തുലാവർഷത്തോടനുബന്ധിച്ചുള്ള മഴ തുടരും. ഇടിമിന്നലോട് കൂടിയ മഴക്കാണ് സാധ്യത.