ന്യൂഡൽഹി: ഇന്ത്യയിലെ 5ജി ഇന്റർനെറ്റ് വേഗം കുത്തനെ കുറഞ്ഞെന്നു റിപ്പോർട്ട്. 2024 ഏപ്രിൽ–ജൂൺ മാസത്തിലെ വേഗത്തിൽ നിന്ന് ജൂലൈ–സെപ്റ്റംബർ മാസത്തിൽ 15% കുറവുണ്ടായി. വിവിധ രാജ്യങ്ങളിലെ ഇന്റർനെറ്റ് വേഗം കണക്കാക്കുന്ന ‘ഊക‍്‍ല’ പോർട്ടലിന്റേതാണ് കണക്ക്. ഇതോടെ 5ജി ഇന്റർനെറ്റ് വേഗപ്പട്ടികയിൽ ഇന്ത്യ 26–ാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു. 5ജി ഉപഭോക്താക്കളുടെ എണ്ണത്തിലുണ്ടായ വലിയ വർധനയാണ് ഇന്റർനെറ്റ് വേഗം കുറയാൻ കാരണമെന്നാണ് വിലയിരുത്തൽ.
സെക്കൻഡിൽ 107.03 എംബിയായിരുന്ന ഇന്ത്യയിലെ ശരാശരി ഡൗൺലോഡ് വേഗം 91.7 എംബിയായി കുറഞ്ഞു. അപ്‍ലോഡ് സ്പീഡിലും 11% ഇടിവുണ്ടായി. 2023 ൽ ആദ്യ പത്തിലായിരുന്നു ഇന്ത്യയുടെ സ്ഥാനം. 312.5 എംബിപിഎസായിരുന്നു അന്നത്തെ വേഗം.