തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രനെതിരെ നൽകിയ കേസിൽ കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.ആർ.ടി.സി ഡ്രൈവർ യദു നൽകിയ ഹർജി ഇന്ന് തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി പരിഗണിക്കും
യദു തിരുവനന്തപുരം കന്റോണ്‍മെന്റ് സ്റ്റേഷനിൽ നൽകിയ പരാതിയിന്മേൽ കൃത്യമായി അന്വേഷണം നടത്താത്തതിൽ പൊലീസിനെ കോടതി വിമർശിക്കുകയും ചെയ്തിരുന്നു. സുതാര്യമായ രീതിയിൽ അന്വേഷണം നടത്തണമെന്നും മേയറും സംഘവും സഞ്ചരിച്ച കാർ കണ്ടെത്താത്തത് എന്ത് കൊണ്ടെന്നും കോടതിയുടെ വിമർശനം ഉണ്ടായിരുന്നു. കേസ് ഇന്ന് വീണ്ടും പരിഗണിക്കുമ്പോൾ കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമോ എന്നതിൽ തീരുമാനമുണ്ടാകാനും സാധ്യതയുണ്ട്.
കഴിഞ്ഞ ഏപ്രിലിലാണ് പാളയത്ത് വെച്ച് തിരുവനന്തപുരം മേയറും കെഎസ്ആർടിസി ഡ്രൈവറും തമ്മിൽ നടുറോഡിൽ വാക്കേറ്റമുണ്ടായത്. പ്ലാമൂട് വെച്ച് ആദ്യം ബസ് കാറിനെ ഇടിക്കുന്ന രീതിയിൽ ഓടിച്ചെന്നും പിന്നാലെ ഡ്രൈവർ അശ്ലീല ആംഗ്യം കാണിച്ചെന്നുമായിരുന്നു മേയറുടെ പരാതി. ആര്യ രാജേന്ദ്രന്റെ പരാതിയില്‍ യദുവിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. കെഎസ്ആര്‍ടിസി ബസിന് കുറുകെ കാര്‍ നിര്‍ത്തി ജോലി തടസപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന് കാണിച്ചാണ് ഏപ്രില്‍ 27 ന് യദു പൊലീസില്‍ പരാതി നല്‍കിയെങ്കിലും കേസെടുക്കാന്‍ പൊലീസ് ആദ്യം തയ്യാറായില്ല. പിന്നീട് കോടതി സമീപിച്ചതോടെയാണ് മേയര്‍ക്കും ഭര്‍ത്താവ് സച്ചിൻ ദേവ് എംഎൽഎയ്ക്കുമെതിരെ കേസെടുത്തത്. തനിക്കെതിരായ കേസിൽ അന്വേഷണം അതിവേഗം നീങ്ങുമ്പോള്‍ താന്‍ നല്കിയ കേസില്‍ മെല്ലപ്പോക്കാണെന്നും യദു പരാതിപ്പെടുന്നു.