മലപ്പുറം: കെഎസ്ആർടിസി ബസ് യാത്രയ്ക്കിടെ ജ്വല്ലറി ജീവനക്കാരനിൽനിന്ന് ഒരു കോടിയോളം രൂപ വില വരുന്ന 1172 ഗ്രാം സ്വർണം കവർന്ന കേസിൽ 3 പേർ അറസ്റ്റിൽ. പള്ളുരുത്തി സ്വദേശികളായ നിസാർ, നൗഫൽ, കോഴിക്കോട് സ്വദേശിയായ ബാബു എന്നിവരെയാണ് തിരൂർ ഡിവൈഎസ്പി ഇ.ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. കവര്‍ച്ച ചെയ്ത സ്വര്‍ണാഭരണങ്ങള്‍ പ്രതികളില്‍ നിന്ന് കണ്ടെത്തി. ഒരു കോടി എട്ട് ലക്ഷം രൂപ വില വരുന്ന സ്വർണ്ണമാണ് മോഷണം പോയത്. തൃശൂർ സ്വദേശികളുടെ ഉടമസ്ഥതയിലുള്ള ജ്വല്ലറിയിലെ ജീവനക്കാരൻ സ്വർണാഭരണത്തിന്റെ മോഡലുകൾ കാണിക്കാനായി തിരൂരിലേക്ക് വന്ന് തിരിച്ച് പോകും വഴിയാണ് മോഷണം നടന്നത്.
തിരൂർ ഡിവൈഎസ്പി ഇ.ബാലകൃഷ്ണൻ, ചങ്ങരംകുളം സിഐ എസ്.ഷൈൻ എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക സ്ക്വാഡ് രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ വലയിലായത്. എടപ്പാളിലെ വ്യാപാര സ്ഥാപനങ്ങളിലെ സിസിടിവി പരിശോധിച്ചതിൽനിന്ന് ഒരു സംഘം ഇവിടെ ബസ് ഇറങ്ങി നടന്നുപോകുന്നത് ശ്രദ്ധയിൽപെട്ടു. വർഷങ്ങൾക്കു മുൻപ് എടപ്പാളിലെ ലോട്ടറി ഏജൻസി ഉടമയിൽനിന്ന് പണം അപഹരിച്ച സംഘം വീണ്ടും എടപ്പാൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നതായി വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഈ സംഘത്തെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളിലേക്ക് എത്താൻ സഹായിച്ചത്. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.