പ്രായമാകുന്നത് അനുസരിച്ച് ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങളെ നല്ലപോലെ ശ്രദ്ധിച്ചില്ലെങ്കിൽ ഒരുപക്ഷെ വലിയ രീതിയിലുള്ള ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകാം. ഈ കാലത്ത് ഭൂരിപക്ഷം പേരും എപ്പോഴും ഇരുന്നുള്ള ജോലി ചെയ്യുന്നവരായിരിക്കാം. ഇരിക്കുന്ന സ്ഥലത്ത് നിന്ന് അനങ്ങാതെ എപ്പോഴും ഒരേ ഇരിപ്പ് ഇരുന്ന് ജോലി ചെയ്യുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ല. അതുകൊണ്ട് ഇങ്ങനെ ഇരുന്നുള്ള ജോലി ചെയ്യുന്ന ആളുകൾക്ക് ഇരിക്കുന്ന സ്ഥലത്ത് ഇരുന്ന് തന്നെ ചില ചെറിയ വ്യായാമങ്ങൾ ചെയ്യുന്നതിലൂടെ ആരോഗ്യത്തെ ഒരു പരിധി വരെയൊക്കെ സംരക്ഷിക്കാൻ സാധിക്കും.
കാഫ് സ്ട്രെച്ച്
ദീർഘനേരം ഇരിക്കുന്നത് കാലുകൾക്ക് മരവിപ്പ് ഉണ്ടാക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ഈ സമയത്ത് കാൽമുട്ടിൻ്റെയും കണങ്കാലിൻ്റെയും ഇടയിലുള്ള കാഫ് ഭാഗമായിരിക്കും കൂടുതലായും വേദന എടുക്കുന്നത്. ഇവയെ സട്രെച്ച് ചെയ്യിക്കുന്നത് ഒരു പരിധി വരെ നല്ലതാണ്. ഇതിനായി കാലുകൾ തറയിൽ കുത്തി നിൽക്കുക അതിന് ശേഷം ഉപ്പൂറ്റി മാത്രം പതുക്ക് ഉയർത്താൻ ശ്രമിക്കുക. കാലിൻ്റെ മുൻഭാഗം തറയിൽ ഊന്നി തന്നെ നിർത്തണം. കുറച്ച് സെക്കൻഡുകൾ ഇങ്ങനെ നിന്ന് ശേഷം വീണ്ടും പഴയ സ്ഥിതിയിലേക്ക് വരാം. രക്തയോട്ടം കൂട്ടി വേദന കുറയ്ക്കാൻ ഇത് ഏറെ സഹായിക്കും.
കഴുത്ത്
പൊതുവെ ഇരുന്ന് ജോലി ചെയ്യുന്നവർ അനുഭവിക്കുന്ന പ്രധാന പ്രശ്നമാണ് കഴുത്തിലെ വേദന. ഇത് മാറ്റാൻ കഴുത്തിന് ആവശ്യമായിട്ടുള്ള വ്യായാമങ്ങൾ പിന്തുടരാൻ ശ്രമിക്കണം. കഴുത്ത് വശങ്ങളിലേക്ക് തിരിക്കുന്നതിലൂടെയും കുനിച്ച് പിടിച്ചുമൊക്കെ കഴുത്തിനും വ്യായാമങ്ങൾ ചെയ്യാൻ സാധിക്കും. രണ്ട് വശങ്ങളിലേക്കും അതുപോലെ തറയിലേക്കും കുനിച്ചും തിരിച്ചും ദിവസവും കഴുത്തിനും അൽപ്പം വ്യായാമം നൽകാൻ ശ്രമിക്കുക.
സ്പൈൻ സ്ട്രെച്ച്
നട്ടെല്ലിൻ്റെ ആരോഗ്യം വളരെ പ്രധാനമാണ്. അത് കൃത്യമായി സംരക്ഷിച്ചില്ലെങ്കിൽ ഒരുപക്ഷെ എഴുന്നേറ്റ് നടക്കാൻ പോലും കഴിയാത്ത അവസ്ഥയുണ്ടാകാം. പ്രായമായാലും ഇരിക്കുന്ന രീതിയാണ് വളരെ പ്രധാനം. നട്ടെല്ല് സ്ട്രെച്ച് ചെയ്യുന്നത്, നട്ടെല്ലിൻ്റെ വേദന കുറയ്ക്കാൻ വളരെയധിം സഹായിക്കാറുണ്ട്. കാലുകൾ തറയിൽ കുത്തി കസേരയിൽ നേരെയിരിക്കുക. അതിന് ശേഷം കൈകൾ തലയ്ക്ക് മുകളിലൂടെ ഉയർത്തി നന്നായി സ്ട്രെച്ച് ചെയ്യുക.