പലപ്പോഴും നമ്മള് തന്നെ വരുത്തുന്ന ചില തെറ്റുകളാകാം, മുടി പോകുന്നതിനും വളരാത്തതിനും എല്ലാം കാരണമാകുന്നത്. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ തന്നെ കാര്യമായ ഗുണം ലഭിയ്ക്കും. മുടി നല്ലതുപോലെ വളരാനും കൊഴിയാതിരിയ്ക്കാനും ആരോഗ്യമുള്ള മുടി ലഭിയ്ക്കാനും എല്ലാമായി ചെയ്യേണ്ട ചില കാര്യങ്ങളെക്കുറിച്ചറിയാം.
മുടി ഭംഗിയാക്കാന്‍ പലരും ഇപ്പോള്‍ അയേണിംഗ് പോലുള്ള വഴികള്‍ പരീക്ഷിയ്ക്കാറുണ്ട്. ഇത് മുടി വരണ്ടുപോകുന്നതിനുള്ള പ്രധാന കാരണമാണ്. പ്രത്യേകിച്ചം വരണ്ട മുടിയാണെങ്കില്‍. മുടി വരണ്ടുപോകുന്നത് മുടി പെട്ടെന്ന് തന്നെ പൊട്ടിപ്പോകാന്‍ ഇടയാക്കുകയും ചെയ്യുന്നു. മാത്രമല്ല, ഇത് മുടിയുടെ കരാറ്റിന്‍ ബോണ്ട് കേടാക്കുന്നതിനും മുടി പൊട്ടിപ്പോകാനും ഇടയാകുന്നു.
ശരീരഭാരം കുറയ്ക്കാന്‍ ഡയറ്റുകള്‍ സ്വീകരിയ്ക്കുന്നവരുണ്ട്. ആരോഗ്യത്തിന് മിതമായ ശരീരഭാരം എന്നത് പ്രധാനമാണ്. എന്നാല്‍ ഇത്തരത്തില്‍ പെട്ടെന്ന് ശരീരഭാരം കുറയ്ക്കുമ്പോള്‍, ഇതിനായുള്ള കഠിനമായ ഡയറ്റുകള്‍ സ്വീകരിയ്ക്കുമ്പോള്‍ ഇത് മുടിയെ ദോഷകരമായി ബാധിയ്ക്കുന്നു. മുടിയുടെ ആരോഗ്യം മോശമാകുന്നു. ചില ഡയറ്റുകള്‍ മുടിയ്ക്ക് ആവശ്യമായ പോഷകങ്ങള്‍ ലഭിയ്ക്കുന്നത് ഒഴിവാക്കുന്നവയുമാണ്. ഇതിനാല്‍ തന്നെ ആരോഗ്യകരമായ ഡയറ്റ് സ്വീകരിയ്ക്കുകയെന്നതും പെട്ടെന്ന് തടി കുറയ്ക്കാതെ പടിപടിയായി ആരോഗ്യകരമായി തടി കുറയ്ക്കുകയെന്നതും ശരീരത്തിന്റെ മാത്രമല്ല, മുടിയുടെ ആരോഗ്യത്തിനും പ്രധാനമാണ്.