രാവിലെ എഴുന്നേൽക്കുമ്പോൾ മുതൽ ഉള്ള കാര്യങ്ങളിൽ ശരിയായ രീതിയിലുള്ള മാറ്റങ്ങൾ വളരെ അനിവാര്യമാണ്. വ്യായാമം, ഉറക്കം, ഭക്ഷണം തുടങ്ങി നല്ല ശീലങ്ങൾ പിന്തുടരുന്നത് ജീവിതത്തിൽ വെളിച്ചം കൊണ്ടുവരാൻ സഹായിക്കും. പൊതുവെ കൊറിയക്കാരുടെ ജീവിത ശീലങ്ങൾ ആഗോള തലത്തിൽ തന്നെ ഏറെ പ്രസിദ്ധമാണ്. ചർമ്മ സംരക്ഷണം മുതൽ ഭക്ഷണശൈലി വരെയുള്ള കാര്യങ്ങളിൽ കൊറിയക്കാരെ പിന്തുടരുന്നത് പലപ്പോഴും ജീവിതത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കാം.
പതിവായുള്ള വ്യായാമം ആരോഗ്യത്തിന് വളരെ പ്രധാനമാണ്. നടത്തം, ഹൈക്കിങ്ങ്, ജിം തുടങ്ങി ഇഷ്ടമുള്ള ഏതെങ്കിലും വ്യായാമ രീതികൾ പിന്തുടരുന്നത് വളരെ നല്ലതാണ്. ദൈനംദിന ജീവിതത്തിൽ ശരിയായ രീതിയിലുള്ളതും ആരോഗ്യത്തിന് ചേരുന്നതുമായ വ്യായാമം തിരഞ്ഞെടുക്കുക. രാവിലെയുള്ള നടത്തം, യോഗ, ജോഗിംങ് എന്നിവയൊക്കെ ഇതിൽ ഉൾപ്പെടുത്താവുന്നതാണ്. മാനസിക സമ്മർദ്ദം കുറയ്ക്കാനും ഫിറ്റായിട്ട് ഇരിക്കാനും ഇത് വളരെയധികം സഹായിക്കാറുണ്ട്. ദിവസവും അര മണിക്കൂർ എങ്കിലും വ്യായാമത്തിനായി മാറ്റി വയ്ക്കാൻ ശ്രമിക്കുക.
പൊതുവെ കൊറിയക്കാരുടെ ഭക്ഷണത്തിൽ പ്രധാനിയാണ് പുളിപ്പിച്ച ഭക്ഷണങ്ങൾ. കിംച്ചിയും യോഗർട്ടുമാണ് ഇവരുടെ പ്രധാന ഭക്ഷണങ്ങളിൽ ഉൾപ്പെടുന്നവ. ധാരാളം പ്രോബയോട്ടിക്സ് അടങ്ങിയിരിക്കുന്നത് കൊണ്ട് തന്നെ ഇത് കുടലിൻ്റെ ആരോഗ്യത്തിന് വളരെ പ്രധാനമാണ്. ഇന്ത്യൻ ഭക്ഷണശൈലിയിൽ പൊതുവെ പുളിപ്പിച്ച ഭക്ഷണങ്ങൾ അധികം ഉപയോഗിക്കാറില്ല. വീട്ടിലുണ്ടാക്കുന്ന തൈര്, അച്ചാർ, പരമ്പരാഗതമായ പുളിപ്പിച്ച പാനീയങ്ങൾ എന്നിവയൊക്കെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് പല തരത്തിലുള്ള ഗുണങ്ങൾ നൽകാൻ സഹായിക്കും.
പൊതുവെ കൊറിയക്കാരുടെ ഭക്ഷണത്തിലെ പ്രധാനിയാണ് പച്ചക്കറികൾ. വേവിക്കാത്തതും വേവിച്ചതുമായ പച്ചക്കറികളുടെ ഒരു കലവറ തന്നെ അവരുടെ തീൻ മേശയിലുണ്ടാകാറുണ്ട്. രോഗ പ്രതിരോധ ശേഷി കൂട്ടാനും അതുപോലെ നല്ല ആരോഗ്യത്തിനും പുളിപ്പിച്ച ഭക്ഷണങ്ങളും പച്ചക്കറികളും പ്രോട്ടീനുകളും വളരെ പ്രധാനമാണ്. കൂടാതെ കുടലിൻ്റെ ആരോഗ്യം മെച്ചപ്പെടുത്താനും ഇത് സഹായിക്കും.