UAE

വിദ്യാര്‍ത്ഥികളുടെ സ്കൂൾ ബാഗുകളുടെ ഭാരം നിയന്ത്രിക്കാൻ പുതിയ നിയമങ്ങളുമായി അബുദാബി

ഭാരമേറിയ ബാഗുകള്‍ കുട്ടികൾക്ക് ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ ഇതോടെ കുറയുമെന്നാണ് പ്രതീക്ഷ

യുഎഇയിലെ അബുദാബിയില്‍ വിദ്യാര്‍ത്ഥികളുടെ സ്കൂൾ ബാഗുകളുടെ ഭാരം നിയന്ത്രിക്കാൻ പുതിയ നിയമങ്ങൾ നടപ്പിലാക്കിയതായി അബുദാബി വിദ്യാഭ്യാസ വകുപ്പ് (ADEK) അറിയിച്ചു. വിദ്യാർത്ഥികളുടെ ശരീര ഭാരത്തിന്റെ 5-10 ശതമാനം മാത്രമേ അവരുടെ ബാഗുകൾക്കുണ്ടാകാൻ പാടുള്ളൂ എന്നതാണ് നിയമം. ഭാരമേറിയ ബാഗുകള്‍ കുട്ടികൾക്ക് ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ കുറയുമെന്ന് രക്ഷിതാക്കൾ അഭിപ്രായപ്പെട്ടു. ബാഗുകളുടെ ഭാരം കുറയ്ക്കാനായി മറ്റൊരു തന്ത്രവും അധികൃതര്‍ നടപ്പാക്കിയിട്ടുണ്ട്. ഡിജിറ്റല്‍ ബുക്കുകള്‍ നല്‍കുക എന്നതാണിത്.

സ്കൂൾ അധികൃതർ ഇ-ബുക്കുകളും ഓൺലൈൻ പഠന രീതികളുമാണ് പ്രോത്സാഹിപ്പിക്കുന്നത്. “ഡിജിറ്റൽ പുസ്തകങ്ങൾ ഉപയോഗിച്ച്, കുട്ടികൾക്ക് ഒരു ഡിവൈസ് വഴി എല്ലാ പഠന സാമഗ്രികളും ലഭ്യമാകും, ഇത് ബാഗുകളുടെ ഭാരം ഗണ്യമായി കുറയ്ക്കും.” കൂടാതെ, മോഡുലാർ ബുക്കുകൾ ഉപയോഗിച്ച് കുട്ടികൾക്ക് വിദ്യാഭ്യാസത്തിനാവശ്യമായ ഭാഗങ്ങൾ മാത്രമേ വഹിക്കേണ്ടതുള്ളൂ- ജെംസ് വേൾഡ് അക്കാഡമി, അബുദാബിയുടെ വൈസ് പ്രിൻസിപ്പൽ ഡേവിഡ് ക്രാഗ്സ് പറയുന്നു. സ്കൂൾ ലൈബ്രറിയിൽ വിദ്യാർത്ഥികൾക്ക് ആവശ്യമായ പുസ്തകങ്ങൾ താത്കാലികമായി വായിക്കാൻ സൗകര്യം ഒരുക്കിയതിലൂടെ ദിവസേന കൈവശം വെക്കുന്ന ബുക്കുകളുടെ എണ്ണം കുറയ്ക്കാനായി.

സ്കൂളിൽ ലോക്കർ സംവിധാനം ഉപയോഗിച്ച് പുസ്തകങ്ങൾ സൂക്ഷിക്കാനാകുമെന്ന് ഷൈനിംഗ് സ്റ്റാർ ഇന്റർനാഷണൽ സ്കൂൾ പ്രിൻസിപ്പൽ അഭിലാഷ സിംഗ് പറഞ്ഞു. എന്നാല്‍, പുസ്തകങ്ങൾ സ്കൂളിൽ സൂക്ഷിക്കുന്നത് ഹോംവർക്ക് പൂർത്തിയാക്കാനും പരീക്ഷകളെ തയ്യാറാകാനും പ്രയാസമുണ്ടാക്കുമെന്നും അവർ ചൂണ്ടിക്കാട്ടി. ഡൗൺലോഡുചെയ്യാവുന്ന ഹോംവർക്ക് ആപ്പുകൾ വഴി പഠനം സ്‌കൂളിലെ പുസ്തകങ്ങൾക്കൊപ്പം വെറും ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ പൂർത്തിയാക്കാനുള്ള സൗകര്യം സ്കൂളുകൾ നൽകുന്നതായും അവർ കൂട്ടിച്ചേർത്തു.