മുസ്ലിം പുരുഷന്മാര്ക്ക് ഒന്നിലേറെ വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യാമെന്ന് ബോംബെ ഹൈക്കോടതി. മുസ്ലിം വ്യക്തിനിയമം ഒന്നിലേറെ വിവാഹങ്ങള്‍ക്ക് അനുമതി നല്‍കുന്നുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ്, ഹൈക്കോടതി വിധി. മൂന്നാം ഭാര്യയുമായുള്ള വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ അനുമതി തേടി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്.
അള്‍ജീരിയന്‍ സ്വദേശിയായ യുവതിയുമായുള്ള മൂന്നാം വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിനാണ് ഹര്ജിക്കാരന് താനെ മുനിസിപ്പല്‍ കോര്പ്പറേഷന് അധികൃതരെ സമീപിച്ചത്. മൂന്നാം വിവാഹമാണെന്നു ചൂണ്ടിക്കാട്ടി അധികൃതര്‍ അപേക്ഷ തള്ളുകയായിരുന്നു. ഇതിനെതിരെയാണ് ഇവര്‍ ഹൈക്കോടതിയെ സമീപിച്ചത്. വിവാഹ സര്‍ട്ടിഫിക്കറ്റ് നല്കാന് അധികൃതര്‍ക്ക് നിര്‍ദേശം നല്‍കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം.
മഹാരാഷ്ട്രാ വിവാഹ രജിസ്ട്രേഷന് നിയമം അനുസരിച്ച് ഒരു വിവാഹം മാത്രമേ രജിസ്റ്റര്‍ ചെയ്യാനാവൂ എന്നു ചൂണ്ടിക്കാട്ടിയാണ്, മുനിസിപ്പല്‍ അധികൃതര്‍ അപേക്ഷ തള്ളിയത്. എന്നാല്‍ മുസ്ലിം വ്യക്തി നിയമം അനുസരിച്ച് ഒന്നിലേറെ വിവാഹങ്ങള്‍ ആവാമെന്നും വിവാഹ രജിസ്ട്രേഷന് നിയമത്തില്‍ ഇതു പരിഗണിച്ചിട്ടില്ലെന്നും കോടതി പറഞ്ഞു.