ന്യൂഡൽഹി: മദ്രസകൾക്കെതിരെ നിലപാടെടുത്ത കേന്ദ്ര ബാലാവകാശ കമ്മീഷന് സുപ്രിംകോടതിയുടെ രൂക്ഷ വിമർശനം. ബാലാവകാശ കമ്മീഷന് മദ്രസകളിൽ മാത്രം എന്താണ് താത്പര്യമെന്ന് കോടതി ചോദിച്ചു.
കുട്ടികൾക്ക് മതപഠനം പാടില്ലെന്നാണോ ബാലാവകാശ കമ്മീഷന്റെ നിലപാടെന്ന് കോടതി ആരാഞ്ഞു. ഒരു മതത്തിന്റെയും പാഠശാലകളിലേക്ക് കുട്ടികളെ അയക്കരുത് എന്നാണോ നിലപാട്? കുട്ടികളെ സന്ന്യാസി മഠങ്ങളിലേക്ക് അയക്കുന്നതിൽ നിർദേശങ്ങളുണ്ടോയെന്നും കോടതി ചോദിച്ചു.
ഉത്തര്‍പ്രദേശ് മദ്രസ വിദ്യാഭ്യാസ നിയമം റദ്ദാക്കിയ അലഹബാദ് ഹൈക്കോടതിയുടെ വിധിക്കെതിരെയുള്ള ഹര്‍ജികള്‍ പരിഗണിക്കുമ്പോഴാണ് കോടതി ഈ പരാമര്‍ശങ്ങള്‍ നടത്തിയത്. മദ്രസകളുടെ കാര്യത്തില്‍ മാത്രമാണോ ആശങ്കയെന്നും സംന്യാസി മഠങ്ങളിലും മറ്റും കുട്ടികളെ അയക്കുന്നതിനെതിരെ നിര്‍ദേശമുണ്ടോയെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ.ബി പര്‍ദിവാല, മനോജ് മിശ്ര എന്നിവരുള്‍പ്പെട്ട ബെഞ്ച് ആരാഞ്ഞു.
മദ്രസകളില്‍ നിന്ന് വിദ്യാര്‍ഥികളെ സര്‍ക്കാര്‍ സ്‌കൂളുകളിലേക്ക് മാറ്റണം എന്നതടക്കമുള്ള ഉത്തരവുകള്‍ യു.പി സര്‍ക്കാര്‍ പുറപ്പെടുവിച്ചിരുന്നു. അത്തരത്തില്‍ നിര്‍ബന്ധം പിടിക്കാനാവില്ല. മതപഠനം ഭരണഘടന അനുവദിച്ചിട്ടുള്ളതാണ്. വിവിധ സംസ്‌കാരങ്ങളും മതങ്ങളും ഇഴകി ചേര്‍ന്നതാണ് നമ്മുടെ രാജ്യം. അതിനെ സംരക്ഷിക്കേണ്ടതുണ്ടെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ഹര്‍ജികള്‍ സുപ്രീം കോടതി വിധി പറയാനായി മാറ്റി.