Travel

നൊസ്റ്റാൾജിയ തുളുമ്പി നിൽക്കുന്ന ഗ്രാമവും പിന്നെ സീതാദേവി തടാകവും

ഒരിക്കലും കണ്ടു തീരാത്ത മനോഹാരിതകൾ പ്രകൃതിയുടെ ഒളിപ്പിച്ചു വെച്ചു വിസ്മയിപ്പിച്ചു കൊണ്ടേ ഇരിക്കുന്ന സ്ഥലങ്ങളാണ് ഇടുക്കിയും മുന്നാറും”
ദേവികുളം ലോക് ഹാർട്ട്, സൈലന്റ് വാലി, സീത ലേക്‌ ഇതൊക്കെയാണ് പ്ലാൻ ലോക് ഹാർട്ടിൽ വൈറൽ ആയ ലൊക്കേഷൻ. തേയില തോട്ടങ്ങൾക്കിടയിൽ കൂടി പൊട്ടി പൊളിഞ്ഞ റോഡുകളിൽ കൂടി മുന്നോട്ട് പോകുമ്പോൾ ഒരു മനുഷ്യനെ പോലും കാണാനും സാധിക്കില്ല.ഒരു ചെക്ക്പോസ്റ്റും കടന്നു മുന്നോട്ട് പോകണം. മുൻകൂട്ടി അനുവാദം ഇല്ലാത്തവരെ ആ ചെക്ക്പോസ്റ്റ് കടത്തി വിടില്ല.


അങ്ങിങായി കാലികൾ മെയ്ച്ചു നടക്കുന്ന മനോഹരമായ ഗ്രാമം “ഓൾഡ് ദേവികുളം” ഒരു ചിത്രകാരൻ ഒരു ക്യാൻവാസിൽ മനോഹരമായി വരച്ച പോലുള്ള അതിമനോഹരമായ ഗ്രാമം.
മനോഹരമായ പുൽമെടുകളിൽ മേയുന്ന കാലികൾ. ഇളം തണുപ്പുള്ള കാറ്റ്. തെളിഞ്ഞൊരുകുന്ന ചെറിയ ജലാശയങ്ങൾ. മരത്തണലിൽ സൊറ പറഞ്ഞിരിക്കുന്ന ഗ്രാമീണ വാസികൾ, വിത്യസ്ത നിറത്തിലുള്ള പൂക്കൾ തലയിൽ ചൂടി നടക്കുന്ന ഗ്രാമീണ സ്ത്രീകൾ, കളിച്ചു നടക്കുന്ന കുട്ടികൾ തുടങ്ങി നൊസ്റ്റാൾജിയിലേക്കുള്ള ഒരു തിരിഞ്ഞുനോട്ടം തന്നെയാണ് കാഴ്ചകൾ. കാഴ്ചകൾക് കൂടുതൽ ഇമ്പം ഏകാൻ അമ്പലത്തിൽ നിന്ന് ഉയർന്നു കേൾക്കുന്ന പശ്ചാത്തല സംഗീതവും .

സിനിമാ പ്രവർത്തകരുടെ ഇഷ്ട ലൊക്കേഷൻ കൂടിയാണ് മൂന്നാർ ടൗണിൽ നിന്നും 15 Km അകലെയായി സ്ഥിതിചെയ്യുന്ന ഈ ഗ്രാമം. തമിഴ്, ഹിന്ദി, മലയാളം ഭാഷകളിലെ ധാരാളം സിനിമകൾക്ക് ഈ ഗ്രാമം വേദിയായിട്ടുണ്ട്. ഉദയനാണ് താരം, ചെന്നൈ എക്സ്പ്രസ്സ്‌, ഓർഡിനറി, ഹോം എന്നിവയുൾപ്പെടെ ഉള്ള ചിത്രങ്ങൾ. ഗ്രാമത്തിൽ നിന്ന് ഒരു കിലോമീറ്റർ ദൂരത്തിലാണ് സീതാദേവി തടാകം സ്ഥിതി ചെയ്യുന്നത്. മുൻകൂട്ടി അനുവാദം ഉള്ളവർക്ക് മാത്രമേ അവിടെ പ്രവേശനം ഉള്ളു.

സീതാ ദേവിയും ശ്രീരാമനും തങ്ങളുടെ വനവാസകാലത്ത് ഇവിടം സന്ദർശിച്ചുവെന്നും അന്ന് ദേവി കുളിച്ച കുളമാണ് പിന്നീട് ദേവികുളം എന്ന പേരിൽ അറിയപ്പെട്ടത് എന്നുമാണ് ഐതീഹ്യം. അവിടുള്ള ഗ്രാമവാസികൾക്ക് പോലും പ്രവേശനമില്ല താടാകത്തിലേക്കു. ഈ തടാകവും ഗ്രാമവും വളരെ മനോഹരമായും വൃത്തിയായും സൂക്ഷിച്ചിരിക്കുന്നു. ബ്രിട്ടീഷുകാരുടെ കാലത്ത് അവരുടെ ഇഷ്ട വിനോദ കേന്ദ്രമായിരുന്നു ഇത്.. ഒഴിവു സമയങ്ങൾ മീൻ പിടുത്തവും പാചകവുമായൊക്കെ അവർ ഇവിടെ ചിലവഴിച്ചിരുന്നു. ആക്കാലത്തിൽ നിർമിച്ച ഒരു ചെറിയ ഒരു ബോട്ട് ഷെഡ്ഡും തടാകത്തിനു അരികെ ഉണ്ട്.
പൂർണ്ണമായും കണ്ണൻ ദേവന്റെ നിയന്ത്രണത്തിൽ ഉള്ള ഈ താടാകവും പരിസരവും വർണ്ണനകൾക്ക്‌ അതീതമാണ്. നേരിട്ട് അനുഭവിക്കേണ്ട മനോഹാരിത തന്നെ.