നെടുമ്പാശ്ശേരി: കൊച്ചിയിൽ രണ്ട് വിമാനത്തിന് ചൊവ്വാഴ്ചയും ബോംബ് ഭീഷണി. ഉച്ചക്ക് നെടുമ്പാശ്ശേരിയിൽ നിന്ന് പുറപ്പെട്ട എയർ ഇന്ത്യയുടെ ലണ്ടൻ വിമാനത്തിനും ഇൻഡിഗോയുടെ ബംഗളൂരു വിമാനത്തിനുമായിരുന്നു ഭീഷണി. വിമാനങ്ങൾ പുറപ്പെട്ട ശേഷമാണ് ഭീഷണി സന്ദേശം ലഭിച്ചത്.
ലക്നൗവിൽ ഇറങ്ങി നെടുമ്പാശ്ശേരിയിൽ തിരിച്ചെത്തുന്ന ഇൻഡിഗോ വിമാനത്തിൽ യാത്ര ചെയ്യാനെത്തുന്നവരെ കൂടുതൽ സുരക്ഷാ പരിശോധനക്ക് വിധേയരാക്കിയ ശേഷമായിരിക്കും അകത്ത് കയറ്റുക.
ഇൻഡിഗോ വിമാനം ലക്നൗവിലിറങ്ങിയപ്പോൾ പരിശോധന നടത്തി. രാത്രി ഒമ്പത് മണിക്ക് വിമാനം തിരികെയെത്തും തുടർന്ന് വീണ്ടും പരിശോധന നടത്തും. ഭീഷണി വ്യാജമാണെന്ന് ഔദ്യോഗിക സ്ഥിരീകരണമില്ലെങ്കിലും വ്യാജമെന്നാണ് സിയാൽ വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.
ഒരാഴ്ചക്കിടെ നൂറിലധികം വിമാനങ്ങൾക്കു നേരെ ബോംബ് ഭീഷണി ഉയർന്നതോടെ രാജ്യത്തെ വ്യോമയാന മേഖല പ്രതിസന്ധിയിലാണ്. തുടർച്ചയായി ഇ മെയിൽ, എക്സ് അക്കൗണ്ടുകൾ വഴിയാണ് ഭീഷണികൾ വരുന്നത്.