ഗാന്ധിനഗർ: ഗുജറാത്തിൽ സ്വന്തമായി കോടതി ട്രിബ്യൂണൽ ഒരുക്കി തട്ടിപ്പ് നടത്തിയ പ്രതി പിടിയിൽ. മോറിസ് സാമുവൽ ക്രിസ്റ്റ്യൻ എന്നയാളാണ് കേസിലെ മുഖ്യപ്രതി. ഇയാളാണ് വ്യാജ ട്രിബ്യൂണലിൽ ന്യായാധിപനായി വേഷമിട്ട് കേസുകൾ ഒത്തുതീർപ്പാക്കിയിരുന്നത്.
അഞ്ച് വർഷത്തിലേറെയായി ഈ വ്യാജ ട്രിബ്യൂണൽ പ്രവർത്തിച്ചിരുന്നതായി പൊലീസ് കണ്ടെത്തി. കോടതി നിയമിച്ച ഒരു ഔദ്യോഗിക മധ്യസ്ഥനായി വേഷം കെട്ടിയ ഇയാൾ 2019-ൽ ഒരു ഭൂമി തർക്ക കേസിൽ ഒരു ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. ഈ ഭൂമി തർക്ക കേസ് അഹമ്മദാബാദ് സിറ്റി സിവിൽ കോടതിയിൽ വാദത്തിനായെത്തിയപ്പോഴാണ് തട്ടിപ്പ് പുറം ലോകം അറിയുന്നത്.
തുടർന്ന് കരഞ്ജ് പൊലീസ് ആൾമാറാട്ടം, കബളിപ്പിക്കൽ, വ്യാജരേഖയുണ്ടാക്കൽ തുടങ്ങി നിരവധി വകുപ്പുകൾ ചേർത്ത് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. മുഖ്യപ്രതി ഇത്തരത്തിൽ ‘വിധി പറഞ്ഞ’ 10 കേസുകൾ അറിവായിട്ടുണ്ട്. ഇയാളുടെ കൂടുതൽ തട്ടിപ്പിനെ കുറിച്ച് അന്വേഷിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.
നഗരത്തിലെ സിവിൽ കോടതിയിൽ തീർപ്പാക്കാതെ കിടക്കുന്ന ഭൂമിതർക്ക കേസുകളിലെ കക്ഷികളെ ബന്ധപ്പെട്ടാണ് പ്രതികൾ തട്ടിപ്പ് നടത്തിയിരുന്നത്. ഇത്തരം കേസുകൾ തീർപ്പാക്കാൻ കോടതി നിയോഗിച്ച ഔദ്യോഗിക മധ്യസ്ഥനാണെന്ന വ്യാജേനയാണ് കക്ഷികളുമായി ബന്ധപ്പെടുക. ഇവരുടെ കേസ് ട്രിബ്യൂണലിൽ പരിഗണിക്കാമെന്നും വാഗ്ദാനം ചെയ്യും.
യഥാർഥ കോടതിയെ വെല്ലുന്ന നിലയിലാണ് മോറിസ് സാമുവലിന്റെ ഓഫിസിൽ വ്യാജ ‘ട്രിബ്യൂണൽ’ ഒരുക്കിയിരുന്നത്. കോടതിയിലുണ്ടാകുന്ന തരത്തിൽ ഉദ്യോഗസ്ഥരെല്ലാം ഇവിടെയുമുണ്ടാവും. കക്ഷികളെ ഇവിടേക്ക് വിളിച്ച് വരുത്തിയാണ് കേസുകൾ പരിഗണിക്കുക. ശേഷം, കക്ഷികൾക്ക് അനുകൂലമായ വിധത്തിൽ കേസുകൾ പരിഹരിച്ചതായി വ്യാജ ഉത്തരവ് ഇറക്കുകയും ഇവരിൽ നിന്ന് വൻ തുക ഈടാക്കുകയുമാണ് ചെയ്തിരുന്നത്.