കോഴിക്കോട്: വയനാട് ലോക്സഭ തെരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധി നാമനിർദേശപത്രിക നൽകാനിരിക്കെ ഫേസ്ബുക്ക് പോസ്റ്റുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പ്രിയങ്ക ഗാന്ധി കൂടി ലോക്സഭയിലെത്തുന്നത് മതേതര-ജനാധിപത്യ ചേരിയെ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് വി.ഡി. സതീശൻ പോസ്റ്റിൽ വ്യക്തമാക്കി.
വി.ഡി. സതീശന്റെ ഫേസ്ബുക്ക് പോസ്റ്റ്:
പ്രിയങ്ക ഗാന്ധിക്ക് ഇത് തിരഞ്ഞെടുപ്പ് ഗോദയിലെ ആദ്യ മത്സരമാണ്. നാളെയാണ് നാമനിർദേശപത്രിക സമർപ്പിക്കുന്നത്. പത്രികാ സമർപ്പണത്തിനായി സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും വയനാട്ടിലെത്തും.
രാഹുൽ ഗാന്ധിയെ റെക്കോർഡ് ഭൂരിപക്ഷത്തിൽ ലോക്സഭയിൽ എത്തിച്ച വയനാട്, അതിലും വലിയ ഭൂരിപക്ഷത്തിൽ പ്രിയങ്ക ഗാന്ധിയെ തിരഞ്ഞെടുക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്.
സംഘ്പരിവാർ വിരുദ്ധ പോരാട്ടത്തിന്റെ മുന്നണി പോരാളികളിൽ ഒരാളായ പ്രിയങ്ക ഗാന്ധി കൂടി ലോക്സഭയിൽ എത്തുന്നത് രാജ്യത്തെ മതേതര – ജനാധിപത്യ ചേരിക്ക് കൂടുതൽ ശക്തിയും ആവേശവുമാകും.