ഗ്ലാസ്ഗോ: ഗ്ലാസ്ഗോ കോമൺവെൽത്ത് ഗെയിംസിൽ നിന്ന് ക്രിക്കറ്റ് ഉൾപ്പടെയുള്ളവ ഒഴിവാക്കി. 2026 ജൂലൈ 23 മുതൽ ഓഗസ്റ്റ് രണ്ടു വരെ ഗ്ലാസ്ഗോയിൽ നടക്കുന്ന മത്സരത്തിൽ നിന്ന് ബാഡ്മിന്റൺ, ഗുസ്തി, ഷൂട്ടിംഗ്, ഹോക്കി, സ്ക്വാഷ് തുടങ്ങിയവ ഒഴിവാക്കിയെന്ന് ഫെഡറേഷൻ സിഇഒ കാറ്റി സാഡ്ലെയർ പ്രസ്താവനയിൽ പറഞ്ഞു.
ഇതോടെ ഗ്ലാസ്ഗോ കോമൺവെൽത്ത് ഗെയിംസിൽ മത്സരയിനങ്ങൾ പത്തായി ചുരുങ്ങും. ചെലവ് കുറക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്നാണ് ഔദ്യോഗിക വിശദീകരണം.
2022ൽ 19 ഇനങ്ങളിൽ മത്സരങ്ങൾ നടത്തിയിരുന്നു. 1998 ക്വാലലംപൂരിലും 2022 ലെ ബെർമിംഗ്ഹാമിലും നടത്തിയ കോമൺവെൽത്ത് ഗെയിംസിൽ ക്രിക്കറ്റ് ഉൾപ്പെടുത്തിയിരുന്നു. രണ്ട് പതിറ്റാണ്ടിന്റെ ഇടവേളക്ക് ശേഷം 2022ലാണ് കോമൺവെൽത്ത് ഗെയിംസിൽ ക്രിക്കറ്റ് മടക്കികൊണ്ടുവന്നത്.
ജൂലൈ 23 മുതൽ ആഗസ്റ്റ് രണ്ട് വരെയാണ് മത്സരം ക്രമീകരിച്ചിരിക്കുന്നത്. ടി20 മത്സരമാണ് കഴിഞ്ഞ കോമൺവെൽത്ത് ഗെയിംസിൽ നടന്നത്. ഫൈനലിൽ ആസ്‌ത്രേലിയയോട് തോറ്റ ഇന്ത്യ വെള്ളി മെഡൽ നേടിയിരുന്നു.
കഴിഞ്ഞ ഗെയിംസിൽ 22 സ്വർണമടക്കം ഇന്ത്യ 61 മെഡലുകളാണ് വാരിക്കൂട്ടിയത്. റെസ്‌ലിങിൽ നിന്ന് 12ഉം ബോക്‌സിങ്,ടേബിൾ ടെന്നീസിൽ നിന്നായി ഏഴ് വീതവും ബാഡ്മിന്റണിൽ നിന്ന് ആറു മെഡലുമാണ് നേടിയത്.