ന്യൂഡൽഹി : വഖ്ഫ് നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട സംയുക്ത പാർലമെന്ററി സമിതി യോഗത്തിൽ വാക്കുതർക്കം കൈയാങ്കളിയുടെ വക്കോളമെത്തി. തൃണമൂൽ കോൺഗ്രസ് എംപി കല്യാൺ ബാനർജിയും ബിജെപി എംപി അഭിജിത്ത് ഗംഗോപാധ്യായുമായാണ് തർക്കമുണ്ടായത്. രൂക്ഷമായ വാക്കു തർക്കത്തിനിടെ കല്യാൺ ബാനർജി മേശപ്പുറത്തിരുന്ന വെള്ളക്കുപ്പി അടിച്ചു പൊട്ടിച്ചു.
ചില്ലു കുപ്പി പൊട്ടി കല്യാൺ ബാനർജിയുടെ കൈക്ക് പരിക്കേറ്റു. തുടർന്ന് എഐഎംഐഎം നേതാവ് അസദുദ്ദീൻ ഉവൈസിയും എഎപി നേതാവ് സഞ്ജയ് സിങ്ങും ചേർന്ന് കല്യാൺ ബാനർജിയെ ആശുപത്രിയിലെത്തിച്ചു. സംഭവങ്ങളെ തുടർന്ന് അച്ചടക്കമില്ലാത്ത പെരുമാറ്റത്തിന് കല്യാൺ ബാനർജിയെ ജെപിസി യോഗത്തിൽനിന്ന് ഒരു ദിവസത്തേക്ക് സസ്പെൻഡ് ചെയ്തു.
ബിജെപി എംപി ജഗദാംബിക പാല് ആയിരുന്നു കമ്മിറ്റിയുടെ അധ്യക്ഷന്‍. വിരമിച്ച ജഡ്ജിമാരും അഭിഭാഷകരും അടങ്ങുന്ന സംഘത്തിന്റെ അഭിപ്രായങ്ങള്‍ അവതരിപ്പിക്കുന്നതിനിടെയാണ് പ്രതിപക്ഷ സഖ്യം എതിര്‍പ്പുമായി തര്‍ക്കം തുടങ്ങിയത്. അസഭ്യ ഭാഷ ഉപയോഗിച്ചും ശബ്ദമുയര്‍ത്തിയും തര്‍ക്കം രൂക്ഷമായി. വഖഫ് സ്വത്ത് മാനേജ്മെന്റ് പരിഷ്കരിക്കുന്നതിനും സുതാര്യത ഉറപ്പാക്കുന്നതിനും ബില്‍ ഭേദഗതി ആവശ്യമാണെന്ന് വാദിച്ച് ബിജെപി അംഗങ്ങള്‍ ബില്ലിനെ ന്യായീകരിച്ചു. വിവിധ വിഷയങ്ങളെ ചൊല്ലി തൃണമൂല്‍ കോണ്‍ഗ്രസ് എംപി കല്യാണ്‍ ബാനര്‍ജിയും ബിജെപി എംപി അഭിജിത് ഗാംഗുലിയും തമ്മില്‍ രൂക്ഷമായ വാക്കേറ്റം ഉണ്ടായി. ഇതിനിടെ കല്യാണ്‍ ബാനര്‍ജി ഗ്ലാസിന്റെ വാട്ടര്‍ ബോട്ടില്‍ ടേബിളില്‍ അടിച്ചു. തുടര്‍ന്ന് വാട്ടര്‍ ബോട്ടില്‍ പൊട്ടി ചില്ല് കല്യണ്‍ ബാനര്‍ജിയുടെ കൈയില്‍ കൊള്ളുകയായിരുന്നു.അബദ്ധവശാല്‍ പരിക്കേല്‍ക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.
തിങ്കളാഴ്ച ചേര്‍ന്ന പാര്‍ലമെന്ററി കമ്മിറ്റി യോഗത്തിലും രൂക്ഷമായ വാക്കുതര്‍ക്കങ്ങള്‍ നടന്നിരുന്നു. വഖഫ് ഭേദഗതി ബില്ലിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളാണെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. മുസ്ലീം വിഭാഗത്തെ ലക്ഷ്യമിട്ടാണ് ബില്ലില്‍ തിരക്കിട്ട ചര്‍ച്ചകള്‍ നടത്തുന്നതെന്ന് പ്രതിപക്ഷ പ്രതിനിധികള്‍ പറഞ്ഞു.