Kerala

പ്രിയങ്കാ ഗാന്ധി വയനാട്ടിലെത്തി; നാമനിർദേശ പത്രികാ സമർപ്പണം നാളെ

കല്‍പറ്റ: നാമ നിർദേശ പത്രിക സമർപ്പിക്കാനായി പ്രിയങ്ക ഗാന്ധി വയനാട്ടിലെത്തി. സോണിയാഗാന്ധിയും റോബർട്ട് വദ്രയും പ്രിയങ്കക്ക് ഒപ്പമുണ്ട്. നാളെ രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും എത്തും. കൽപ്പറ്റ നഗരത്തിൽ റോഡ് ഷോയോടെയാണ് പത്രിക സമർപ്പണം.

ഇന്ന് സുല്‍ത്താന്‍ ബത്തേരിയിലെ സപ്ത റിസോര്‍ട്ടില്‍ താമസിക്കുന്ന പ്രിയങ്കാ ഗാന്ധി നാളെ രാവിലെ പതിനൊന്ന് മണിയോടെ കല്‍പ്പറ്റ ബസ് സ്റ്റാന്റ് പരിസരത്ത് എത്തും. ഇവിടെ നിന്നും തുടങ്ങുന്ന റോഡ്ഷോയോട് കൂടി പ്രിയങ്കാ ഗാന്ധി പങ്കെടുക്കുന്ന തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ തുടങ്ങും. രാഹുല്‍ ഗാന്ധിയും റോഡ് ഷോയില്‍ പ്രിയങ്കാ ഗാന്ധിയെ അനുഗമിക്കും.

നാളെ രാവിലെ രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുനെ ഖാര്‍ഗെയും കല്‍പറ്റയിലെത്തും. ഡല്‍ഹിയില്‍ നിന്ന് കണ്ണൂരിലെത്തുന്ന രാഹുല്‍ ഹെലികോപ്ടറിലാവും കല്‍പറ്റയിലെത്തുക. 11.10നാണ് കല്‍പറ്റയില്‍ നിന്ന് റോഡ് ഷോ ആരംഭിക്കുക. പ്രിയങ്കയും രാഹുലുമാണ് റോഡ് ഷോയില്‍ പങ്കെടുക്കുക. റോഡ് ഷോയ്ക്ക് ശേഷം നടക്കുന്ന പൊതുസമ്മേളനത്തില്‍ സോണിയ ഗാന്ധിയും മല്ലികാര്‍ജുന ഖാര്‍ഗെയും പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കും.

കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍, ഉപ മുഖ്യമന്ത്രിമാര്‍, കോണ്‍ഗ്രസ് നേതാക്കള്‍ തുടങ്ങിയവരും സമ്മേളനത്തില്‍ പങ്കെടുക്കും.റോഡ് ഷോ ആയിട്ടാണ് പ്രിയങ്ക കളക്ട്രേറ്റിലേക്ക് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ എത്തുക. 12 മണിയോടെ പത്രിക സമര്‍പ്പിക്കും. ഉച്ചയ്ക്ക് ശേഷം പ്രിയങ്കാ ഗാന്ധി ഡല്‍ഹിയിലേക്ക് മടങ്ങും. ഈ മാസം അവസാനത്തോടെ തിരഞ്ഞെടുപ്പ് പ്രചരണത്തിനായി പ്രിയങ്ക വീണ്ടും വയനാട്ടിലെത്തും.

സ്ഥാനാര്‍ത്ഥിയായ ശേഷം ആദ്യമായി വയനാട്ടില്‍ എത്തുന്ന പ്രിയങ്കാ ഗാന്ധിയുടെ ആദ്യ പ്രചരണപരിപാടി ഗംഭീരമാക്കാനുള്ള ഒരുക്കങ്ങളും കല്‍പ്പറ്റയില്‍ പൂര്‍ത്തിയായി കഴിഞ്ഞു. മൂന്ന് ജില്ലകള്‍ ഉള്‍പ്പെട്ട മണ്ഡലത്തിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നുമുളള നേതാക്കള്‍ കല്‍പ്പറ്റയില്‍ എത്തിയിട്ടുണ്ട്. നാളത്തെ റോഡ് ഷോയില്‍ പങ്കെടുക്കാന്‍ കൂടുതല്‍ പ്രവര്‍ത്തകരും വയനാട്ടില്‍ എത്തും.