ന്യൂഡൽഹി: പൊതുമേഖലാ ടെലികോം കമ്പനിയായ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡിന് (ബി.എസ്.എൻ.എൽ) പുതിയ ലോഗോ. രാജ്യവ്യാപകമായി 4ജി നെറ്റ്വർക്ക് സജ്ജമാക്കുന്നതിന് മുന്നോടിയായി, സ്പാം ബ്ലോക്കിംഗ് സൊല്യൂഷൻ, വൈഫൈ റോമിംഗ് സേവനം, ഇൻട്രാനെറ്റ് ടിവി തുടങ്ങി ഏഴ് പുതിയ സേവനങ്ങളും അവതരിപ്പിച്ചു.
ലോഗോയിലെ ഗോളത്തിന്റെ ചാരനിറം കാവിയായപ്പോൾ ‘കണക്ടിംഗ് ഇന്ത്യ’ എന്നത് ‘കണക്ടിംഗ് ഭാരത്’ എന്നാക്കി. സുരക്ഷിതം, താങ്ങാവുന്നത്, വിശ്വസനീയം എന്നീ വാക്കുകളും ചേർത്തു. ഗോളത്തെ ചുറ്റുന്ന വളയത്തിന്റെ നിറവും മാറി.
കേന്ദ്ര ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയാണ് ഡല്‍ഹിയിലെ ബിഎസ്എന്‍എല്‍ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ പുതിയ ലോഗോ അനാച്ഛാദനം ചെയ്തത്. സുരക്ഷിതമായും വിശ്വസനീയമായും താങ്ങാവുന്ന ചെലവിലും ഭാരതത്തെ ബന്ധിപ്പിക്കുകയെന്നതിനെയാണ് പുതിയ ലോഗോയിലൂടെ വ്യക്തമാക്കുന്നതെന്ന് ബിഎസ്എന്‍എല്‍ വ്യക്തമാക്കി.
നേരത്തെ ദൂരദര്ശന് ഇംഗ്ലീഷ്, ഹിന്ദു വാര്‍ത്താ ചാനലുകളുടെ ലോഗോയില്‍ നിറം മാറ്റിയത് ചര്‍ച്ചയായിരുന്നു. ഡിഡി ന്യൂസിന്റെ ലോഗോയുടെ നിറം കാവിയാക്കുകയായിരുന്നു. നിറത്തില്‍ മാത്രമാണ് മാറ്റമെന്നും മൂല്യങ്ങള്‍ അതേപടി നിലനിര്‍ത്തുമെന്നുമാണ് അന്ന് ദൂരദര്ശന് പ്രതികരിച്ചത്. എന്നാല്‍ നിറം മാറ്റത്തിനെതിരെ വിവിധ പ്രതിപക്ഷ കക്ഷികള്‍ രംഗത്തെത്തിയിരുന്നു.