Sports

പരിശീലനത്തിന് സ്ഥിരമായി വൈകിയെത്തുന്നു; പൃ​ഥ്വി​ഷാ​യെ ഒ​ഴി​വാ​ക്കി മും​ബൈ

മുംബൈ: പരിശീലനത്തിന് സ്ഥിരമായി വൈകിയെത്തിയ മുംബൈ താരം പൃഥ്വി ഷാക്കെതിരെ അച്ചടക്ക നടപടി. ത്രിപുരക്കെതിരായ രഞ്ജി ട്രോഫി മത്സരങ്ങൾക്കുള്ള ടീമിൽ നിന്നാണ് ഐ.പി.എൽ ഡൽഹി ക്യാപിറ്റൽസ് വെടിക്കെട്ട് ബാറ്ററെ മാറ്റിനിർത്തിയത്. ടീം ​പ​രി​ശീ​ല​ന ക്യാ​മ്പി​ൽ പ​ങ്കെ​ടു​ക്കാ​ത്ത​തി​ന്‍റെ പേ​രി​ലും അ​മി​ത വ​ണ്ണ​വു​മാ​ണ് താ​ര​ത്തി​ന് വി​ന​യാ​യ​ത്.

പരിശീലനത്തിന് സ്ഥിരമായി വൈകിയെത്തിയ ഷായുടെ നടപടിയിൽ ക്യാപ്റ്റൻ അജിൻക്യ രഹാനെക്കും ടീം മാനേജ്‌മെന്റിനും കടുത്ത അതൃപ്തിയുണ്ടായിരുന്നു. പരിശീലനം ആവശ്യമില്ലെന്ന തരത്തിലായിരുന്നു യുവ താരത്തിന്റെ നടപടി.

ഇന്ത്യൻ താരങ്ങളായ ശ്രേയസ് അയ്യർ, ഷർദുൽ ഠാക്കൂർ ഉൾപ്പെടെയുള്ള സീനിയർ താരങ്ങളും മുംബൈക്കായി രഞ്ജി കളിക്കുന്നുണ്ട്. ആദ്യ രണ്ട് മത്സരങ്ങളിൽ മുംബൈക്കായി കളത്തിലിറങ്ങിയ പൃഥ്വി ഷാക്ക് ഫോമിലേക്കുയരാനായില്ല. രണ്ടിന്നിങ്‌സിലുമായി 19 റൺസാണ് സമ്പാദ്യം.

ഇന്ത്യക്കായി അഞ്ച് ടെസ്റ്റുകളും ആറ് ഏകദിനങ്ങളും ഒരു ടി20 മത്സരവും പൃഥ്വി ഷാ കളിച്ചിട്ടുണ്ട്. വിരേന്ദ്രർ സേവാഗിന്റെ ബാറ്റിങുമായി സമാനതയുള്ള യുവതാരം പവർഹിറ്ററായി അതിവേഗം ഐ.പി.എല്ലിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു.

നി​ല​വി​ലെ സ്ഥി​തി​യി​ൽ താ​ര​ത്തി​ന്‍റെ ഐ​പി​എ​ൽ ക​രി​യ​റും തു​ലാ​സി​ലാ​കാ​നാ​ണ് സാ​ധ്യ​ത. ഡ​ൽ​ഹി ക്യാ​പി​റ്റ​ൽ​സ് താ​ര​മാ​യ ഷാ​യെ ടീം ​ഇ​നി നി​ല​നി​ർ​ത്തു​മോ എ​ന്നും ക​ണ്ട​റി​യ​ണം.