സുല്‍ത്താന്‍ ബത്തേരി: വയനാട്ടിലെ യാത്രയ്ക്കിടെ സര്‍പ്രൈസ് സന്ദര്‍ശനം നടത്തി വീട്ടുകാരെ ഞെട്ടിച്ച് പ്രിയങ്ക ഗാന്ധി. മൈസൂരില്‍ നിന്ന് സുല്‍ത്താന്‍ ബത്തേരിയിലേക്കുള്ള യാത്രയിലാണ് കുമാരന്‍കുളം കൊച്ചുത്രേസ്യയുടെ വീട് പ്രിയങ്ക സന്ദര്‍ശിച്ചത്.
ത്രേസ്യയുടെ വിമുക്ത ഭടനായ മകൻ പ്രിയങ്ക ഗാന്ധിയുടെ വാഹന വ്യൂഹം കണ്ട് കൈ കാണിച്ച് നിർത്തിയിരുന്നു. തന്നോട് സംസാരിച്ച പ്രിയങ്കയോട് തൻ്റെ അമ്മയെ കുറിച്ച് കോൺഗ്രസ് പ്രവർത്തകൻ കൂടിയായ ഇദ്ദേഹം പറഞ്ഞതോടെ വീട് എവിടെയെന്ന് ചോദിച്ച് പ്രിയങ്ക ഗാന്ധി വാഹനം അങ്ങോട്ടേക്ക് എടുക്കാൻ നിർദ്ദേശം നൽകുകയായിരുന്നു.
വീട്ടിലെത്തിയ അതിഥിയെ കൊന്തയും മധുരവും നല്‍കിയാണ് കൊച്ചുത്രേസ്യയും കുടുംബവും സ്വീകരിച്ചത്. നിമിഷങ്ങള്‍ക്കുള്ളില്‍ വീട്ടുകാരിലൊരാളായി കുടുംബത്തിന്റെ സ്‌നേഹം പ്രിയങ്ക ഏറ്റുവാങ്ങി. ഏറെ നേരം ത്രേസ്യയുമായി സംസാരിച്ച് തൻ്റെ മൊബൈൽ നമ്പർ കൈമാറിയ ശേഷം വയനാട്ടിൽ തനിക്ക് പുതിയൊരു സുഹൃത്തിനെ കൂടി കിട്ടിയെന്ന് പറഞ്ഞ് സ്നേഹം പങ്കുവച്ചാണ് പ്രിയങ്ക ഗാന്ധി മടങ്ങിയത്. പ്രിയങ്ക താമസിക്കുന്ന ഹോട്ടലിന് അടുത്തുള്ള വീട്ടിലെ താമസക്കാരാണ് ഇവർ.
നേരത്തെ മൈസൂരു വിമാനത്താവളത്തിൽ വിമാനമിറങ്ങിയ പ്രിയങ്കയും സോണിയയും റോഡ് മാർഗമാണ് വയനാട്ടിലെത്തിയത്. മൈസൂരു വിമാനത്താവളത്തിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ എന്നിവർ ചേർന്ന് സ്വീകരിച്ചു.
കൽപറ്റ പുതിയ ബസ് സ്റ്റാൻഡ് പരിസരത്തു നിന്ന് ബുധനാഴ്ച രാവിലെ 10.30ന് ആരംഭിക്കുന്ന റോഡ് ഷോയിൽ പ്രിയങ്ക ഗാന്ധി, സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവർ പങ്കെടുക്കും. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും പരിപാടിയിൽ പങ്കെടുക്കാൻ എത്തുന്നുണ്ട്. റോഡ് ഷോക്ക് പിന്നാലെ കലക്ടറേറ്റിലെത്തി വരണാധികാരിയായ ജില്ല കലക്ടർക്ക് പത്രിക നൽകും.