പാലക്കാട്: കല്ലടിക്കോട് കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അഞ്ച് പേർ മരിച്ചു. കാർ യാത്രികരായ കോങ്ങാട് സ്വദേശികളാണ് മരണപ്പെട്ടത്. കല്ലടിക്കോട് അയ്യപ്പൻകാവ് ക്ഷേത്രത്തിന് സമീപത്ത് വച്ചായിരുന്നു അപകടം. ഇന്നലെ രാത്രി 11നായിരുന്നു അപകടം. പാലക്കാടു ഭാഗത്തു നിന്നെത്തിയ കാറും എതിരെ വന്ന ചരക്കു ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. കാർ ലോറിയുടെ അടിയിലേക്ക് ഇടിച്ചുകയറിയ നിലയിലായിരുന്നു.
മരിച്ചവരിൽ കോങ്ങാട് മണ്ണാന്തറ സ്വദേശി കൃഷ്ണന്റെയും ഓമനയുടെയും മകൻ കെ.കെ.വിജേഷ് (35), വീണ്ടപ്പാറ സ്വദേശി ചിദംബരന്റെ മകൻ രമേശ് (31), വെള്ളയന്തോട് വിജയകുമാറിന്റെയും ജാനകിയുടെയും മകൻ വിഷ്ണു (30), കോങ്ങാട് മണിക്കശേരി എസ്റ്റേറ്റ് മെഹമൂദിന്റെ മകൻ മുഹമ്മദ് അഫ്സൽ (17) എന്നിവരുണ്ടെന്നാണു പൊലീസ് നൽകുന്ന പ്രാഥമിക വിവരം. ഒരാളുടെ വിവരങ്ങൾ ലഭ്യമായിട്ടില്ല. ഓട്ടോ ഡ്രൈവറാണ്.
ഇടിയുടെ ആഘാതത്തിൽ പൂർണമായി തകർന്ന കാർ വെട്ടി പൊളിച്ചാണ് അകത്തുള്ളവരെ പുറത്തെത്തിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റവരെ പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കനത്ത മഴയിൽ കാർ നിയന്ത്രണം തെറ്റി ലോറിയിലേക്ക് ഇടിച്ചുകയറിയെന്നാണ് നിഗമനം. ചരക്കു ലോറി കോയമ്പത്തൂർ ഭാഗത്തേക്കു പോകുകയായിരുന്നു.
കെഎൽ 55 എച്ച് 3465 എന്ന സ്വിഫ്റ്റ് കാറാണ് അപകടത്തിൽപ്പെട്ടത്. ജില്ലാ ആശുപത്രിയിൽ സ്ഥാനാർഥികളടക്കമുള്ള ജനപ്രതിനിധികൾ എത്തിച്ചേർന്നിട്ടുണ്ട്.