പത്തനംതിട്ട: മുപ്പതോളം വിസ തട്ടിപ്പു കേസുകളിൽ പ്രതിയായി അറസ്റ്റിലായ ശേഷം ജാമ്യമെടുത്ത് മുങ്ങിയയാൾ 21 വർഷത്തിനു ശേഷം പിടിയിൽ. വെട്ടിപ്രം മഞ്ജു ഭവനം (പിച്ചയ്യത്ത് വീട്) ഫസലുദ്ദീൻ (74) ആണ് അറസ്റ്റിലായത്. 2003ൽ അറസ്റ്റിലായ ശേഷം ജാമ്യം കിട്ടിയപ്പോൾ ഒളിവിൽ പോകുകയായിരുന്നു.
പൊതുമരാമത്തു വകുപ്പ് ജീവനക്കാരനായിരുന്ന ഇയാളെ സർവീസിൽനിന്നു പിരിച്ചു വിട്ടിരുന്നു. കേസ് അന്വേഷണം മുന്നോട്ടു പോയെങ്കിലും ഇയാളെ കണ്ടെത്താൻ കഴിഞ്ഞില്ല. വീസയ്ക്കു പണം നൽകിയവർ കൂട്ടമായി വീട്ടിലെത്തിയപ്പോൾ വർഷങ്ങൾക്കു മുൻപു ഭാര്യ ജീവനൊടുക്കിയിരുന്നു.
സമീപകാലത്ത് പഴയ കേസുകളുടെ പുനരന്വേഷണം തുടങ്ങിയപ്പോൾ ഈ കേസും പരിഗണിച്ചു. ഇയാളുടെ ബന്ധുക്കളുടെ ഫോണിലേക്കു സ്ഥിരമായി മലപ്പുറത്തുനിന്ന് കോളുകൾ വരുന്നത് സൈബർ പൊലീസ് നിരീക്ഷിച്ചു. എന്നാൽ സിം കാർഡ് ഉടമ ഫസലുദ്ദീനാണെന്നു സ്ഥിരീകരിക്കാനായില്ല. ഇതിനിടെ ഈ നമ്പറിലേക്ക് ലാബ് പരിശോധനാ റിപ്പോർട്ടിന്റെ മെസേജ് വന്നത് പൊലീസ് പരിശോധിച്ചപ്പോൾ ഫസലുദ്ദീന്റെ പേര് ശ്രദ്ധയിൽപെട്ടു. തുടർന്ന് മലപ്പുറത്തെത്തിയ പത്തനംതിട്ട പൊലീസ് സ്വകാര്യ സ്കൂളിന്റെ ഡയറക്ടറായി പ്രവർത്തിക്കുകയായിരുന്ന ഇയാളെ അറസ്റ്റ് ചെയ്തു.