India

നവജാത ശിശുവിന്റെ പൊക്കിൾക്കൊടി മുറിക്കുന്ന ദൃശ്യങ്ങൾ യൂട്യൂബിൽ പ്രചരിപ്പിച്ചു; പിതാവിനെതിരെ പരാതി | YouTuber Irfan sparks controversy again with video of his newborn

ചെന്നൈ: നവജാത ശിശുവിന്റെ പൊക്കിൾക്കൊടി മുറിക്കുകയും ദൃശ്യങ്ങൾ യുട്യൂബ് ചാനലിൽ പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തിൽ യുട്യൂബർ ഇർഫാനെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി എം.സുബ്രഹ്മണ്യൻ. സംഭവത്തിൽ ഇർഫാൻ മാപ്പ് പറഞ്ഞാലും ആരോഗ്യ വകുപ്പ് ക്ഷമിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ആശുപത്രിക്കു നോട്ടിസ് അയച്ച ആരോഗ്യവകുപ്പ്, ഇർഫാനെതിരെ പൊലീസിൽ പരാതി നൽകി.

ഷോളിംഗനല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ ഭാര്യ പ്രസവിച്ച ശേഷമുള്ള ദൃശ്യങ്ങളും കുഞ്ഞിന്റെ പൊക്കിൾക്കൊടി ഡോക്ടർമാരുടെ സമ്മതത്തോടെ മുറിക്കുന്നതിന്റെയും ദൃശ്യങ്ങൾ ഇർഫാൻ തന്റെ വിഡിയോ ചാനലിലൂടെ പുറത്തുവിട്ടതാണു വിവാദമായത്. വിഡിയോ പിന്നീടു നീക്കിയെങ്കിലും നടപടിയുമായി മുന്നോട്ടു പോകാനാണ് ആരോഗ്യ വകുപ്പിന്റെ തീരുമാനം. പൊക്കിൾക്കൊടി മുറിക്കാൻ ഇർഫാനെ അനുവദിച്ച ഡോക്ടർക്കെതിരെയും നടപടി ഉണ്ടാകും.