ബംഗ്ലാദേശില്‍ വീണ്ടും വിദ്യാര്‍ത്ഥി പ്രക്ഷോഭം. പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീന്റെ രാജി ആവശ്യപ്പെട്ടാണ് പ്രതിഷേധം. പ്രതിഷേധക്കാര്‍ ബംഗ്ലാദേശിലെ പ്രസിഡന്‍ഷ്യല്‍ കൊട്ടാരമായ ബംഗ ഭവന്‍ ഉപരോധിച്ചു. പ്രതിഷേധക്കാരെ സൈന്യം ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു. തുടര്‍ന്ന് പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട് മുദ്രാവാക്യം വിളിച്ച് കൊട്ടാരം ഉപരോധിക്കുകയായിരുന്നു. രാജ്യത്തിന്റെ പലഭാഗത്തും സമരക്കാര്‍ തെരുവിലിറങ്ങിയിരിക്കുകയാണ്.
പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ പുറത്താക്കാനുള്ള സമരം നയിച്ച ആന്റി ഡിസ്‌ക്രിമിനേഷന്‍ സ്റ്റുഡന്റ്‌സ് മൂവ്‌മെന്റ്, പ്രസിഡന്റ് ഷഹാബുദ്ദീന്റെ രാജി അടക്കമുള്ള അഞ്ച് ആവശ്യങ്ങള്‍ മുന്നോട്ടുവെച്ചാണ് വീണ്ടും പ്രക്ഷോഭം ആരംഭിച്ചത്. ധാക്കയിലെ സെന്‍ട്രല്‍ ഷഹീദ് മിനാര്‍ റാലിയില്‍ ഇന്നലെ ഉച്ചകഴിഞ്ഞാണ് സമരം പ്രഖ്യാപിച്ചത്.
ഷെയ്ഖ് ഹസീനയുടെ സ്വേച്ഛാധിപത്യ സര്‍ക്കാരിന്റെ ഉറ്റ ചങ്ങാതിയാണ് പ്രസിഡന്റ് ഷഹാബുദ്ദീനെന്നും, അദ്ദേഹം ഉടന്‍ രാജിവയ്ക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. ബംഗ്ലാദേശിന്റെ പതിനാറാം പ്രസിഡന്റാണ് മുഹമ്മദ് ഷഹാബുദ്ദീന്‍. 2023 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ അവാമി ലീഗിന്റെ സ്ഥാനാര്‍ത്ഥിയായി ഷഹാബുദ്ദീന്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുകയായിരുന്നു.