പ്രമുഖ ഫുഡ് ബ്രാന്‍ഡായ മക്‌ഡൊണാള്‍ഡ് ക്വാര്‍ട്ടര്‍ പൗണ്ടര്‍ ബര്‍ഗര്‍ കഴിച്ചതിനെ തുടര്‍ന്ന് അമേരിക്കയില്‍ ഒരാള്‍ മരിച്ചതായി റിപ്പോര്‍ട്ട്. രാജ്യത്ത് ബര്‍ഗര്‍ കഴിച്ച 49 ലധികം പേര്‍ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് രോഗികളായി, 10 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും ഫെഡറല്‍ ഹെല്‍ത്ത് അധികൃതര്‍ അറിയിച്ചു.
ബര്‍ഗറിലെ ഇ കോളി ബാക്ടീരിയയാണ് ഭക്ഷ്യ വിഷബാധയ്ക്ക് കാരണമെന്നാണ് റിപ്പോര്‍ട്ട്. കൊളറാഡോ, അയോവ, കന്‍സാസ്, മിസോറി, മൊണ്ടാന, നെബ്രാസ്‌ക, ഒറിഗോണ്‍, യൂട്ടാ, വിസ്‌കോണ്‍സിന്‍, വ്യോമിങ് എന്നിവിടങ്ങളിലാണ് സെപ്റ്റംബര്‍ 27 നും ഒക്ടോബര്‍ 11 നും ഇടയില്‍ അണുബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കൊളറാഡോയില്‍ പ്രായമായ ഒരാളുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. ഒരു കുട്ടിയെ വൃക്ക സംബന്ധമായ ഗുരുതര പ്രശ്‌നങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും യുഎസ് സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍(സിഡിസി) റിപ്പോര്‍ട്ട് ചെയ്തു.
കൊളറാഡോ, നെബ്രാസ്‌ക എന്നിവിടങ്ങളിലാണ് കൂടുതല്‍ കേസുകള്‍. കൊളറാഡോയില്‍ 26ഉം നെബ്രാസ്‌കയില്‍ ഒമ്പതും കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഭക്ഷ്യവിഷബാധ ഏറ്റ എല്ലാവരും മക്‌ഡൊണാള്‍ഡ്‌സില്‍ നിന്ന് ഭക്ഷണം കഴിച്ചതായും പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. ക്വാര്‍ട്ടര്‍ പൗണ്ടര്‍ ഹാംബര്‍ഗറുകള്‍ കഴിച്ചതായാണ് കൂടുതല്‍ പേരും പ്രതികരിച്ചിരിക്കുന്നതെന്നും സിഡിസി പറഞ്ഞു. വിഷയത്തില്‍ യുഎസ് അഗ്രികള്‍ച്ചര്‍ ഡിപ്പാര്‍ട്ട്‌മെന്റ്, ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍, സംസ്ഥാന ആരോഗ്യ ഉദ്യോഗസ്ഥര്‍ എന്നിവരും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അതേസമയം ഭക്ഷ്യവിഷബാധയ്ക്ക് പിന്നില്‍ എന്താണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. ബര്‍ഗറിനൊപ്പം ഉണ്ടായിരുന്ന ഉള്ളി, ബീഫ് എന്നിവയില്‍ നിന്ന് വിഷബാധയ്ക്ക് സാധ്യതയുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. ഒരു പ്രാഥമിക എഫ്ഡിഎ അന്വേഷണം സൂചിപ്പിക്കുന്നത് ബര്‍ഗറുകള്‍ക്കൊപ്പം വിളമ്പിയ ഉള്ളിയുമായി ബന്ധപ്പെട്ട് വിഷബാധയ്ക്ക് സാധ്യതയാണ്. ഒരു വിതരണക്കാരനില്‍ നിന്ന് ലഭിക്കുന്ന ഉള്ളിയുമായി ചില രോഗങ്ങള്‍ ബന്ധപ്പെട്ടിരിക്കുന്നതായി പ്രാഥമിക കണ്ടെത്തലുകള്‍ സൂചിപ്പിക്കുന്നുവെന്ന് മക്‌ഡൊണാള്‍ഡ് അധികൃതര്‍ പ്രസ്താവനയില്‍ പറഞ്ഞു.