ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടമായാണ് ഉപതെരഞ്ഞെടുപ്പിനെ രാഷ്ട്രീയ ഇന്ത്യ കാണുന്നത്. പ്രത്യേകിച്ച് വയനാട് ഉപതെരഞ്ഞെടുപ്പ് വലിയ പ്രാധാന്യം അര്‍ഹിക്കുന്നുണ്ട്. കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റ് എന്നതിലുപരി ഇന്ത്യയുടെ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധിയുടെ മണ്ഡലം കൂടിയാണ്. ഇവിടെ താരപ്രഭയോടെയാണ് ഇന്ന് പ്രിയങ്കാഗാന്ധി നോമിനേഷന്‍ കൊടുക്കാനെത്തിയത്. അക്ഷരാര്‍ത്ഥത്തില്‍ വയനാട് കല്‍പ്പറ്റയില്‍ ജനസാഗരം തീര്‍ത്തത് ബി.ജെ.പി ഇടതു മുന്നണികള്‍ക്ക് ഞെട്ടലുണ്ടാക്കിയിട്ടുണ്ടെന്നത് തര്‍ക്കമില്ലാത്ത കാര്യമാണ്. പ്രിയങ്ക സാങ്കേതികമായി വിജയിച്ചു കഴിഞ്ഞിരിക്കുന്നുവെന്നാണ് രാഷ്ട്രീയ കേരളം വിലയിരുത്തുന്നത്.
ഇനി ഭൂരിപക്ഷം വര്‍ദ്ധിപ്പിക്കുമോ എന്നതാണ് അറിയേണ്ടത്. അങ്ങനെയെങ്കില്‍ പ്രിയങ്കയുടെ മത്സരം രാഹുല്‍ഗാന്ധിയുമായിട്ടാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ രാഹുല്‍ഗാന്ധി നേടിയ ഭൂരിപക്ഷം മറി കടക്കാനുള്ള മത്സരത്തിലാണ് പ്രിയങ്കഗാന്ധി ഇറങ്ങിയിരിക്കുന്നത് എന്നു പറയാം. എ.ഐ.സി.സി ഒന്നാകെ വയനാട്ടില്‍ എത്തിയിട്ടുണ്ട്. മുന്‍ എ.ഐസി.സി. പ്രസിഡന്റ് സോണിയാഗാന്ധിയും എത്തി. കേരളം വിറച്ചു നിന്ന വയനാട് ഉരുള്‍പൊട്ടലില്‍ കുത്തിയൊലിച്ച വെള്ളം പോലെ അണമുറിയാതെ കുത്തിയൊലിച്ചെത്തുകയായിരുന്നു കോണ്‍ഗ്രസിന്റെ അണികള്‍.
എങ്ങും ത്രിവര്‍ണ്ണ പതാകകളാല്‍ നിറഞ്ഞു. ഒന്നര കിലോ മീറ്റര്‍ ദൂരം താണ്ടാന്‍ എടുത്തത് മറിക്കൂറുകളാണ്. കല്‍പ്പറ്റയില്‍ നിറഞ്ഞ ജനസാഗരത്തെ സാക്ഷിയാക്കിയാണ് കോണ്‍ഗ്രസ് പറയുന്നത്, രാഹുലിന്റെ ഭൂരിപക്ഷം മറികടക്കുമെന്ന്. വയനാടിനെ ആവേശത്തിലാറാടിച്ചായിരുന്നു യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധിയുടെ റോഡ് ഷോ നടന്നത്. കന്നിയങ്കം കുറിക്കുന്ന പ്രിയങ്കയുടെ പ്രചാരണത്തിനായി അമ്മ സോണിയാഗാന്ധി, സഹോദരന്‍ രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയും വയനാട് ചുരം കയറിയെത്തി.
പ്രിയങ്കാഗാന്ധിയുടെ നാമനിര്‍ദേശ പത്രികാ സമര്‍പ്പണം വമ്പന്‍ ആഘോഷമാക്കാനാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തീരുമാനിച്ചത്. അതുപോലെത്തന്നെ വയനാടിനെ ഇളക്കി മറിച്ചു. കല്‍പ്പറ്റ ന്യൂ ബസ് സ്റ്റാന്‍ഡില്‍ നിന്നാണ് റോഡ് ഷോ ആരംഭിച്ചത്. രാഹുല്‍ ഗാന്ധി, മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍, പി കെ കുഞ്ഞാലിക്കുട്ടി, കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, കെപിസിസി പ്രസിന്റ് കെ സുധാകരന്‍ തുടങ്ങിയവര്‍ റോഡ്ഷോയില്‍ പ്രയങ്കയ്‌ക്കൊപ്പമുണ്ടായിരുന്നു.
സമാപനത്തില്‍ പ്രിയങ്ക ഗാന്ധി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തു. ഇതിനുശേഷമാണ് പ്രിയങ്കാഗാന്ധി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. പ്രിയങ്കയുടെ പ്രചാരണത്തിനായി രാഹുല്‍, ഖാര്‍ഗെ തുടങ്ങി ദേശീയ നേതാക്കളെല്ലാം വയനാട്ടിലുണ്ട്. രാവിലെ പത്തരയോടെയാണ് രാഹുല്‍ഗാന്ധിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും കണ്ണൂരില്‍ നിന്നും ഹെലികോപ്റ്ററില്‍ വയനാട്ടിലെത്തിയത്. കെപിസിസി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനും ഉള്‍പ്പെടെയുള്ളവര്‍ റോഡ്‌ഷോയില്‍ പങ്കെടുത്തു. കുഞ്ഞാലിക്കുട്ടിയം മുസ്ലീംലീഗ് നേതാക്കലും പ്രിയങ്കാ ഗാന്ധിക്കൊപ്പം വാഹനത്തിലുണ്ടായിരുന്നു. സോണിയ ഗാന്ധിക്കും റോബര്‍ട്ട് വദ്രയ്ക്കും മക്കള്‍ക്കും ഒപ്പമാണ് കന്നി അങ്കത്തിനായി പ്രിയങ്ക വയനാട്ടിലെത്തിയത്.
കന്നിപ്പോരാട്ടത്തിനിറങ്ങുന്ന പ്രിയങ്കയ്ക്ക് അഭിവാദ്യം അര്‍പ്പിക്കാനായി ഏഴു നിയമസഭാ മണ്ഡലങ്ങളില്‍ നിന്നുമായി പതിനായിരക്കണക്കിന് പ്രവര്‍ത്തകരാണ് കല്‍പ്പറ്റയിലേക്ക് എത്തിയത്. ബാന്റും മേളവുമെല്ലാമായി പ്രിയങ്കാഗാന്ധിയുടെ നാമനിര്‍ദേശ പത്രികാസമര്‍പ്പണം ശക്തിപ്രകടനമാക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമം. പ്രിയങ്കാഗാന്ധി ഇത്തവണ ആറു ലക്ഷത്തിലേറെ വോട്ടുകള്‍ക്ക് വിജയിക്കുമെന്നാണ് പ്രവര്‍ത്തകര്‍ പറയുന്നത്. നവംബര്‍ 13 നാണ് വയനാട്ടില്‍ വോട്ടെടുപ്പ് നടക്കുന്നത്.
വയനാടിന്റെ കുടുംബമാവുന്നതില്‍ അഭിമാനമുണ്ടെന്നും ആദ്യമായാണ് വോട്ട് അഭ്യര്‍ത്ഥിച്ച് ഒരു തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തുന്നതെന്നും വയനാട്ടിലെ യുഡിഎഫ് ലോക്‌സഭ സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധി പറഞ്ഞു. വയനാടിലെ ഇളക്കിമറിച്ചുള്ള റോഡ് ഷോയ്ക്കുശേഷം കല്‍പ്പറ്റയിലെ പൊതുപരിപാടിയില്‍ വോട്ടര്‍മാരെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു പ്രിയങ്ക. 17-ാം വയസിലാണ് പിതാവിന് വേണ്ടി ആദ്യമായി തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയത്. ഇന്നിപ്പോള്‍ 35വര്‍ഷത്തോളമായി അച്ഛനുവേണ്ടിയും അമ്മയ്ക്കും വേണ്ടിയും സഹോദരങ്ങള്‍ക്ക് വേണ്ടിയും മറ്റു നേതാക്കള്‍ക്ക് വേണ്ടിയും പ്രചാരണം നടത്തി.
പക്ഷേ ആദ്യമായിട്ടാണ് എനിക്ക് വേണ്ടി ഒരു തെരഞ്ഞടുപ്പ് പ്രചാരണത്തിന് വേണ്ടി നിങ്ങളുടെ പിന്തുണ തേടി എത്തുന്നത്. അത് വ്യത്യസ്തവുമായ അനുഭവമാണ്. വയനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനായി അവസരം നല്‍കിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയോട് വലിയ നന്ദിയുണ്ട്. കുറച്ച് നാളുകള്‍ക്ക് മുമ്പ് ഞാന്‍ വയനാട്ടിലെ മുണ്ടക്കൈയില്‍ സഹോദരനൊപ്പം വന്നു.
അവിടെ എല്ലാം നഷ്ടമായവരെ ഞാന്‍ കണ്ടു. ഉരുള്‍പൊട്ടലില്‍ ജീവിതം ഇല്ലാതായ മനുഷ്യരെ ഞാന്‍ കണ്ടു. ഞാന്‍ കണ്ട ഓരോരുത്തരും പരസ്പരം സഹായിച്ചുകൊണ്ട് പ്രവര്‍ത്തിക്കുകയായിരുന്നു. അത്യാഗ്രഹമില്ലാതെ സ്‌നേഹം മാത്രം നല്‍കിയാണ് അവര്‍ പരസ്പരം പിന്തുണച്ചത്.വയനാട്ടുകാരുടെ ഈ ധൈര്യം എന്നെ ആഴത്തില്‍ സ്പര്‍ശിച്ചു. വയനാടിന്റെ കുടുംബമാവുന്നതില്‍ വലിയ സൗഭാഗ്യവും ആദരവും അഭിമാനവുമായി കാണുന്നു. വയനാട്ടിലെ പ്രിയപ്പെട്ടവര്‍ എന്റെ സഹോദരനൊപ്പം നിന്നു. നിങ്ങള്‍ അദ്ദേഹത്തിന് ധൈര്യം നല്‍കി. പോരാടാനുള്ള കരുത്ത് നല്‍കിയെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.
content highlights;”Janapralayam” erupted like a roller: “Priyanka Gandhi” is more than that; The candidate is ready to contest after submitting the nomination paper