പനീര്‍ പാല് ഉല്പന്നങ്ങളില് തന്നെ പ്രധാനപ്പെട്ട ഒന്നാണ്. ഇതുകൊണ്ടുണ്ടാക്കുന്ന പല വിഭവങ്ങളും ഏറെ രുചികരവുമാണ്. ഏറെ പോഷകങ്ങള്‍ അടങ്ങിയ ഒന്നാണ് പനീര്‍ അഥവാ പാല്‍ക്കട്ടി. ഇത് കാല്‍സ്യം, പ്രോട്ടീന്‍, വൈറ്റമിന്‍ സമ്പുഷ്ടമാണ്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഏറെ ഗുണകരമാണ് ഇത്. എന്നാല്‍ ഗുണം ലഭിയ്ക്കണമെങ്കില്‍ ശരിയായ ഉല്പന്നം തന്നെ ഉപയോഗിയ്ക്കണം എന്നത് നിര്‍ബന്ധമാണ്. പനീറിന്റെ കാര്യത്തിലും ഇത് സത്യമാണ്. ശുദ്ധമായ രീതിയില്‍ ഉപയോഗിച്ചില്ലെങ്കില്‍ ഇത് ഗുണത്തേക്കാള്‍ ദോഷം വരുത്തും.
പനീര്‍ വളരെയധികം വ്യാജനായി വരുന്നുണ്ട്. ഇത് ഉണ്ടാക്കുന്നത് പാല്‍പ്പൊടി, പാമോയില്‍, ചെറുനാരങ്ങ എന്നിവ ചേര്‍ത്താണ്. പാല്‍പ്പൊടിയും പാമോയിലുമെല്ലാം തന്നെ ആരോഗ്യത്തിന് നല്ലതല്ല. ഇവ സ്ഥിരമായി കഴിച്ചാല്‍ ഹാര്‍ട്ട് അറ്റാക്ക് അടക്കമുള്ള പല പ്രശ്നങ്ങള്‍ക്കും ഇടയാകും. ആരോഗ്യത്തിന് എന്നു കരുതി നാം കഴിയ്ക്കുന്ന പനീര്‍ ശരിക്കുള്ളതല്ലെങ്കില് ആരോഗ്യപ്രശ്നമുണ്ടാക്കുമെന്ന് ചുരുക്കം. എന്നാല്‍ നാം പല ബ്രാന്റിന്റേയും പനീര്‍ വാങ്ങാറുണ്ട്. ഇതിന്റെ രുചിയില്‍ കാര്യമായ വ്യത്യാസം തോന്നാത്തത് കാരണം ഇത് വ്യാജനാണോ എന്ന് തിരിച്ചറിയാന്‍ ബുദ്ധിമുട്ടുമാണ്.
ഇത് വ്യാജമാണോ എന്ന് തിരിച്ചറിയാന്‍ സഹായിക്കുന്ന ചില വഴികളുണ്ട്. പനീര്‍ വാങ്ങിയത് പൊടിഞ്ഞു പോകുകയാണെങ്കില്‍ ഇത് ഒറിജിനല്‍ പനീരാണെന്ന് ഉറപ്പിയ്ക്കാം. അതേ സമയം പൊടിഞ്ഞു പോകാതെ കട്ടിയില്‍ ഉള്ള പനീര്‍ വ്യാജനാണ്. ഇതുപോലെ പനീറില്‍ രണ്ടോ മൂന്നോ ഡ്രോപ്പ് അയോഡിന്‍ ഒഴിച്ചു നോക്കാം. അപ്പോള്‍ പനീര്‍ നീല നിറത്തില്‍ ആകുകയാണെങ്കില്‍ ഇത് വ്യാജനാണെന്ന് ഉറപ്പിയ്ക്കാം. പനീര്‍ വെളളത്തില്‍ തിളപ്പിച്ച് തണുക്കുമ്പോള്‍ ഇതിലേയ്ക്ക് അല്പം സോയാബീന്‍ പൗഡര്‍ ചേര്‍ക്കുക. ഇതിന്റെ നിറം ഇളം ചുവപ്പായാല്‍ ഇതില്‍ യൂറിയ പോലുള്ളവ ചേര്‍ത്തിട്ടുണ്ടാകാം. ഇതുപോലെ സാമ്പാര്‍പരിപ്പിന്റെ പൊടിയും ഇട്ട് നോക്കാം. ഇതേ രീതിയില്‍ ചുവപ്പായാല്‍ മായം എന്നാണ് അര്‍ത്ഥം.