ഗർഭിണികൾ അവർക്കിഷ്ടമുള്ളതെന്തും കഴിക്കണം എന്ന് പ്രായമായവർ പറയാറുണ്ട്. എന്നാൽ ഇഷ്ടമുള്ളതെല്ലാം ഗർഭകാലത്ത് കഴിക്കുന്നത് ഗുണത്തേക്കാളേറെ ദോഷമേ ചെയ്യൂ. ഇഷ്ടമുള്ള ഭക്ഷണപദാർത്ഥങ്ങളൊക്കെ അളവിൽ കൂടുതൽ കഴിച്ചാൽ തടി കൂടുന്നതോടൊപ്പം ഷുഗർ, കൊളസ്‌ട്രോൾ തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ ഗർഭകാലത്ത് ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. അതിനാൽ ഗർഭിണിയുടെ ഭക്ഷണം കൂടുതൽ പോഷകസമൃദ്ധവും സമീകൃതവുമായിരിക്കാൻ ശ്രദ്ധിക്കണം. ആരോഗ്യവാനായ കുഞ്ഞിനായി ഗർഭിണികൾ കഴിക്കേണ്ട പോഷക സമ്പുഷ്ടമായ ഭക്ഷണങ്ങൾക്കൊപ്പം കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങളുമുണ്ട്,
ഗർഭിണികളുടെ സൂപ്പർ ഫുഡ് ആയ മുട്ട ധാതുലവണങ്ങൾ, അമിനോ ആസിഡ് തുടങ്ങിയവയുടെ കലവറയാണ്. മുട്ട കഴിക്കുന്നതിലൂടെ ഉയർന്ന അളവിൽ കാത്സ്യവും പ്രോട്ടീനും ശരീരത്തിലെത്തുന്നു. ഗർഭസ്ഥശിശുവിന്റെ ആരോഗ്യത്തിനും പ്രോട്ടീന്റെ അളവ് അമ്മയുടെ ശരീരത്തിലെത്തേണ്ടത് ആവശ്യമാണ്. മുട്ടയിൽ ധാരാളമായി അടങ്ങിയിരിക്കുന്ന കോളിൻ ഗർഭസ്ഥശിശുവിന്റെ തലച്ചോറിന്റെ വളർച്ചയ്ക്കും നാഡീവ്യൂഹങ്ങളുടെ പ്രവർത്തനക്ഷമതയ്ക്കും അത്യാവശ്യമാണ്.
പ്രോട്ടീനും കാത്സ്യവും കൂടുതലായി ശരീരത്തിലെത്തേണ്ട സമയമാണ് ഗർഭകാലം. പാലും പാലുത്പന്നങ്ങളും കഴിക്കുന്നത് വഴി ഇവ ധാരാളമായി അമ്മയുടെ ശരീരത്തിലെത്തുന്നു. ഗർഭിണികൾ ദിവസവും രണ്ട് ഗ്ലാസ് പാലെങ്കിലും കുടിക്കേണ്ടത് അത്യാവശ്യമാണ്.
വെണ്ണപ്പഴം അല്ലെങ്കിൽ അവൊക്കാഡോ (Butter Fruit) എന്നൊക്കെ അറിയപ്പെടുന്ന ഈ പഴം ഗർഭകാല ഡയറ്റിന്റെ ഭാഗമാക്കുന്നതിലൂടെ ഗർഭകാലത്ത് സ്ത്രീകൾ അനുഭവിക്കുന്ന പല ആരോഗ്യപ്രശ്‌നങ്ങൾക്കും പരിഹാരമാകും. നാരുകൾ, പൊട്ടാസ്യം, മഗ്നീഷ്യം, ഫോളേറ്റ്, വിറ്റാമിൻ C, E, K, B5, B6 തുടങ്ങിയവയുടെ സ്രോതസ്സായതിനാൽ അവൊക്കാഡോ ഗർഭകാലത്തെ ഒഴിച്ചുകൂടാനാവാത്ത പഴങ്ങളിലൊന്നാണ്. ഗർഭകാലത്ത് അനുഭവപ്പെടുന്ന കോച്ചിവലിക്കൽ, ഛർദ്ദി തുടങ്ങിയ അസ്വസ്ഥതകൾക്ക് ആശ്വാസം നൽകാൻ ഈ പഴത്തിനു കഴിയും.