ആർക്കാണ് നിഗൂഢതകൾ ഇഷ്ടമല്ലാത്തത്. പല കഥകളിലും കേട്ടും വായിച്ചും തീർത്ത എത്ര പേടിപ്പെടുത്തുന്ന കഥകൾ അല്ലേ. എങ്കിൽ അതിൽ എന്നും മുന്നിൽ നിൽക്കുന്നത് നമ്മുടെ ഡ്രാക്കുള തന്നെ. പേടിപ്പിക്കുന്ന കാര്യത്തിലും നിഗൂഢതയിലും അതിനെ വെല്ലാൻ മറ്റൊന്നും തന്നെയില്ല എന്ന് തന്നെ പറയാം.
“ബ്രോം സ്റ്റോക്കറിന്റെ ഡ്രാക്കുള വായിച്ചു കഴിയുമ്പോൾ തെല്ലു ഭയത്തോടെ ആണെങ്കിലും ഡ്രാക്കുളയോട് ഒരു മോഹം തോന്നും. അദ്ദേഹം ജീവിച്ചിരുന്ന കോട്ടയുടെ നിഗൂഢതകളിലേയ്ക്ക് കടന്നു ചെന്ന് ഡ്രാക്കുളയെ മോഹിപ്പിക്കാനൊരു തോന്നൽ. മലയാളത്തിൽ ഡ്രാക്കുളമാരില്ല, പകരം ഗന്ധർവ്വനാണുള്ളത്. മോഹിച്ച പെൺകുട്ടിയുടെ മനസ്സും ശരീരവും കവർന്നെടുത്ത് രാത്രിയുടെ ഏഴാം യാമത്തിൽ കാറ്റിനൊപ്പം മറഞ്ഞു പോകുന്ന ഗന്ധർവ്വൻ. ഗന്ധർവ്വൻ മടങ്ങുന്നതോടെ ഓർമ്മകൾ നഷ്ടപ്പെട്ട പെണ്ണൊരുത്തി മുഖമില്ലാത്ത ആരെയോ കാത്തിരുന്നു ജീവിതം തീർക്കും എന്നൊക്കെയാണ് പഴമക്കാർ പറയുന്നത്…
“ഡ്രാക്കുളയെ കുറിച്ച് പറയുമ്പോഴൊക്കെ ആദ്യം മനസ്സിൽ തെളിയുന്നത് കോട്ടയുടെ ചിത്രമാണ്. ഡ്രാക്കുളയുടെ കോട്ടയ്ക്ക് വിനോദ സഞ്ചാര ഭൂപടത്തിൽ അത്ര ചെറുതല്ലാത്ത ഒരു പ്രാധാന്യം ഉണ്ട്. സഞ്ചാരികളെ മോഹിപ്പിക്കുന്ന ഡ്രാക്കുള കൊട്ടാരം ഇന്ന് മ്യൂസിയം ആയി നിലനിൽക്കുന്നുണ്ട്. ചങ്കൂറ്റമുണ്ടെങ്കിൽ സഞ്ചാരികൾക്ക് ധൈര്യമായി വന്നു ഈ കോട്ട കണ്ടു പോകാം. ഒരു ഗൈഡിന്റ സഹായത്തോടുകൂടിയോ അല്ലെങ്കിൽ ഒറ്റയ്ക്കോ കോട്ട കാണാൻ എത്തുന്ന സഞ്ചാരികൾ നിരവധിയാണ്. ഡ്രാക്കുളയുടെ കോട്ട സഞ്ചാരികൾക്കു മുൻപിൽ തുറന്നിട്ടിരിക്കുകയാണ് അധികൃതർ. റൊമാനിയയിലെ പല വിഭാഗത്തിലുൾപ്പെട്ട പൗരാണിക മനുഷ്യരുടെ കൗതുകപരമായ വസ്തുക്കളും പ്രദർശനത്തിനു വച്ചിട്ടുണ്ട്. 2009 മുതലാണ് ബ്രാൻ കോട്ട സഞ്ചരികൾക്കായി തുറന്നത്”
“ഒരു ദിവസം കൊണ്ട് കണ്ടു തീർക്കാൻ കഴിയുന്നതല്ല ഡ്രാക്കുള കോട്ട. ഒരു ടൂർ ഗൈഡ് ഉണ്ടെങ്കിൽ കാര്യങ്ങൾ കുറച്ചുകൂടി എളുപ്പമാണ്. കോട്ടയ്ക്കു പുറത്തു നിന്നു ലഭിക്കുന്ന ഭക്ഷണത്തെ കുറിച്ച് അത്ര മികച്ച അഭിപ്രായം യാത്രികരിൽ നിന്ന് തന്നെ ഇല്ലാത്തതിനാൽ ഇവിടേയ്ക്ക് എത്തുന്നതിനു മുൻപ് തന്നെ കയ്യിൽ ഭക്ഷണം കരുതുന്നത് നന്നാവും. ഇപ്പോൾ സ്വകാര്യ ഗ്രൂപ്പാണ് കോട്ടയുടെ നടത്തിപ്പ്. അതും ഇവിടുത്തെ ടൂറിസം പ്രോത്സാഹിപ്പിക്കാൻ വേണ്ടിയാണ്. റൊമാനിയയിൽ നിന്ന് ബ്രാനിലെത്താൻ അത്ര ബുദ്ധിമുട്ടൊന്നുമില്ല. ബുച്ചാറെസ്റ്റിൽ നിന്നും ട്രെയിൻ പിടിച്ചാൽ നേരെ ബ്രസൂവിൽ എത്താം. ബ്രസൂവിൽ നിന്നും ബ്രാനിലേയ്ക്ക് സിറ്റി ബസുകൾ ലഭ്യമാണ്. വസന്തകാലത്തിൽ ബ്രാൻ കോട്ട സന്ദർശിക്കുന്നതാണ് ഏറ്റവും നല്ലത്. എന്തുതന്നെ ആയാലും ഡ്രാക്കുളയുടെ ഓർമ്മപ്പെടുത്തലിൽ ഡ്രാക്കുള കോട്ട സഞ്ചാരികളെ നടുക്കും എന്നത് ഉറപ്പ്.”