പാലക്കാട്: പി.വി അന്‍വറിന്റെ രാഷ്ട്രീയ പാര്‍ട്ടിയായ ഡി.എം.കെ പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥിയെ പിന്‍വലിച്ചു. പകരം യു.ഡി.എഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തിലിന് പിന്തുണ നല്‍കുമെന്നും പി.വി. അന്‍വര്‍ അറിയിച്ചു. പാലക്കാട്ട് നടന്ന ഡി.എം.കെ കണ്‍വന്‍ഷനിലാണ് അന്‍വറിന്റെ പ്രഖ്യാപനം.
ഒരു ഉപാധിയുമില്ലാതെ രാഹുല്‍ മാങ്കൂട്ടത്തിലിന് പിന്തുണ നല്‍കുന്നതായി അന്‍വര്‍ കണ്‍വെന്‍ഷനില്‍ പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കളുടെ വലിപ്പം കണ്ടിട്ടല്ല പിന്തുണക്കുന്നത്. വർഗീയ ഫാസിസത്തിന് അനുകൂലമായി ഒരു ജനൽ പാളി പോലും തുറക്കരുത് എന്നാണ് ആഗ്രഹം. അതാണ് രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണക്കുന്നത്. നേരിട്ട അപമാനം എല്ലാം വ്യക്തിപരമായി സഹിക്കുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു. ചേലക്കരയിൽ മത്സരിക്കാനുള്ള തീരുമാനത്തിൽ മാറ്റമില്ലെന്നും പി വി അൻവർ പ്രഖ്യാപിച്ചു.
പാലക്കാട്ടെ കോൺഗ്രസിലെ സ്ഥിതി സ്ഫോടനാത്മകമാണ്. കോൺഗ്രസ് സ്ഥാനാർത്ഥിയെ പാർട്ടിയിലെ 50% പേർ പിന്തുണക്കുന്നില്ല. എൽഡിഎഫിലേക്ക് വന്ന പി. സരിനും വോട്ട് ലഭിക്കില്ല. സരിന് കോൺഗ്രസിൽ സീറ്റ് നിഷേധിച്ചവർക്ക് മറുപടി കൊടുക്കുകയാണ് സരിനെ സ്ഥാനാർഥിയാക്കിയവരുടെ ലക്ഷ്യം.
അതിന് രാഹുലിനെ തോൽപ്പിക്കണം. അവരുടെ വോട്ട് രാഹുലിനെ തോൽപ്പിക്കാൻ വേണ്ടി ബിജെപിയിലേക്ക് പോകുമെന്നും അദ്ദേഹം പറഞ്ഞു.