പാലക്കാട്: ജാമ്യവ്യവസ്ഥയിൽ ഇളവ് നൽകരുതെന്ന പോലീസിന്റെ നിലപാടിനെതിരെ പ്രതികരണവുമായി പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ. പോലീസ് രാഷ്ട്രീയം കളിക്കുന്നുവെന്നും പ്രചാരണരംഗത്ത് നിന്ന് മാറ്റിനിർത്താനാണ് ശ്രമമെന്നും രാഹുൽ കുറ്റപ്പെടുത്തി.
ഇത്തരത്തിലുള്ള ശ്രമങ്ങൾക്കെല്ലാം പാലക്കാട്ടെ ജനം വോട്ടിലൂടെ മറുപടി പറയുമെന്നും രാഹുൽ പറഞ്ഞു. സെക്രട്ടറിയേറ്റ് മാർച്ചിലെ സംഘർഷവുമായി ബന്ധപ്പെട്ട കേസിലാണ് രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യവ്യവസ്ഥയിൽ ഇളവ് നൽകരുതെന്ന് പോലീസ് നിലപാട് എടുത്തത്.
എല്ലാ തിങ്കളാഴ്ചയും തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തി ഒപ്പിടണമെന്ന ജാമ്യവ്യവസ്ഥയിൽ രാഹുൽ ഇളവ് തേടിയിരുന്നു, ഇളവ് നൽകിയാൽ സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്ന് പോലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു.
പൂരം കലക്കല്‍ ഗൂഢാലോചനക്കെതിരെയാണ് താന്‍ സമരം ചെയ്തതെന്നും തന്നെ സ്ഥിരം കുറ്റവാളിയെന്ന് പൊലീസ് വിളിക്കുന്നത് എന്തിനാണെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ ചോദിച്ചു. രാഹുലിന്റെ അപേക്ഷയില്‍ തിരുവനന്തപുരം സിജെഎം കോടതി നാളെ വിധി പറയും.
ഒക്ടോബർ എട്ടിന് പ്രതിപക്ഷ യുവജന സംഘടനകൾ നടത്തിയ നിയമസഭ മാർച്ചിനെ തുടർന്ന് മ്യൂസിയം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ജാമ്യത്തിലാണ് രാഹുൽ. റിമാൻഡ് സമയത്ത് 29-ാം പ്രതിയായിരുന്ന രാഹുലിനെ ഒന്നാം പ്രതിയാക്കി പൊലീസ് കോടതിയിൽ പുതിയ റിപ്പോർട്ട് സമർപ്പിക്കുകയായിരുന്നു.