റിയാദ്: ഗാസയിലെ വെടിനിർത്തലിനായി അമേരിക്കയുടെ ശ്രമം തുടരുന്നു. വെടിനിർത്തൽ ചർച്ചകൾക്കായി പശ്ചിമേഷ്യൻ രാജ്യങ്ങളിൽ യു എസ് സ്റ്റേറ്റ് സെക്രട്ടറി ആൻറണി ബ്ലിങ്കൻ പര്യടനം നടത്തുകയാണ്. പര്യടനത്തിന്‍റെ ഭാഗമായി ബ്ലിങ്കൻ സൗദി അറേബ്യയിലെത്തി. ബുധനാഴ്ച രാവിലെ റിയാദിലെത്തിയ അദ്ദേഹത്തെ സൗദി വിദേശകാര്യ ഉപമന്ത്രി എൻജി വലീദ് ബിൻ അബ്ദുൽ കരീം അൽ ഖുറൈജി റിയാദ് കിങ് ഖാലിദ് ഇൻറർനാഷനൽ എയർപ്പോർട്ടിലെത്തി സ്വീകരിച്ചു.
ശേഷം വിദേശകാര്യ മന്ത്രാലയ ആസ്ഥാനത്ത് എത്തി വിദേശകാര്യമന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ അൽ സഊദുമായി കൂടിക്കാഴ്ച നടത്തി. മേഖലയിലെ തന്‍റെ പര്യടനത്തിനായി റിയാദിലേക്ക് പുറപ്പെടും മുമ്പ് ബ്ലിങ്കൻ വാർത്ത ഏജൻസികളോട് പറഞ്ഞത് സൗദി അറേബ്യ ഈ മേഖലയിലെ പ്രധാന പദവിയിലുള്ള രാജ്യമാണ് എന്നാണ്.
ഇസ്രയേലിൽ നിന്നാണ് റിയാദിൽ എത്തിയ ബ്ലിങ്കൻ, ഗസ്സയിൽ വെടിനിർത്തലിന് പ്രേരിപ്പിക്കുന്നതിനും മേഖലയിലെ സൈനിക വ്യാപനം നിയന്ത്രിക്കുന്നതിനുമുള്ള ചർച്ചാ പരമ്പരയുടെ അടുത്ത അധ്യായത്തിന് തുടക്കമിട്ടിരിക്കുകയാണ്. ഒരു വർഷം മുമ്പ് ഗസ്സ മുനമ്പിൽ യുദ്ധം ആരംഭിച്ചതിന് ശേഷമുള്ള 11-ാമത്തെ പശ്ചിമേഷ്യൻ പര്യടനമാണ് ബ്ലിങ്കന്റേത്.
വെടിനിർത്തൽ കരാർ പുനരുജ്ജീവിപ്പിക്കുന്നതിന്റെ ഭാഗമായി ആന്റണി ബ്ലിങ്കൻ നേരത്തെ ഇസ്രയേൽ സന്ദർശിച്ചിരുന്നു. ഹിസ്ബുല്ലയുടെ റോക്കറ്റാക്രമണം അവസാനിച്ച് മണിക്കൂറുകൾക്കകമായിരുന്നു ബ്ലിങ്കൻ ടെൽ അവീവിലെത്തിയത്. ഹമാസ് ഉന്നത നേതാവ് യഹിയ സിൻവാറിന്‍റെ കൊലപാതകത്തിന് ശേഷം വെടിനിർത്തലിനുള്ള സാധ്യതകൾ തേടുകയാണ് ബ്ലിങ്കനും അമേരിക്കയും.