കോഴിക്കോട്: പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ പി വി അന്‍വര്‍ എംഎല്‍എ നടത്തിയ റോഡ് ഷോയെ പരിഹസിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. മാനേജര്‍ വിളിച്ചിട്ടാണ് റോഡ് ഷോയിലേക്ക് വന്നതെന്നാണ് പങ്കെടുത്ത സ്ത്രീകള്‍ തന്നെ പ്രതികരിച്ചതെന്ന് എം വി ഗോവിന്ദന്‍ പരിഹസിച്ചു. അന്‍വര്‍ ഒന്നുമല്ലെന്ന് പണ്ടേ പറഞ്ഞതാണ്. അന്‍വറിന്റെ റോഡ് ഷോയില്‍ പങ്കെടുത്ത കൂടുതല്‍ ആളുകളും ലീഗ്, എസ്ഡിപിഐ, ജമാ അത്തെ ഇസ്ലാമിയുടെ ആളുകളാണ്. റോഡ് ഷോയില്‍ ഏജന്റിനെ വച്ചാണ് അന്‍വര്‍ ആളുകളുടെ കൊണ്ടുവന്നത് എന്നാണ് ഗോവിന്ദന്‍ മാസ്റ്ററുടെ പ്രതികരണം.
പാലക്കാട് മണ്ഡലത്തിലെ പി സരിന്റെ സ്ഥാനാര്‍ത്ഥിത്വത്തിലും എം വി ഗോവിന്ദന്‍ പ്രതികരിച്ചു. കമ്മ്യുണിസ്റ്റ് പാര്‍ട്ടിയെ വിമര്‍ശിച്ചവരെ മുന്‍പും പാര്‍ട്ടി കൂടെ കൂട്ടിയിട്ടുണ്ട്. അങ്ങനെയാണ് കരുണാകരനെയും ആന്റണിയെയും കൂടെ കൂട്ടിയത്. സരിനെ സ്വീകരിച്ചത് പരീക്ഷണമല്ലയെന്നും ഗോവിന്ദന്‍ പ്രതികരിച്ചു. സരിനെ സ്വീകരിച്ചത് അടവുനയമാണ്. ജനകീയ അടിത്തറ വിപുലപ്പെടുത്താന്‍ ഫലപ്രദമായ നടപടി സ്വീകരിച്ചുവെന്നും ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.
പിവി അന്‍വറിന്റെ പാലക്കാട് റോഡ് ഷോയിലെത്തിയത് ഏജന്റ് വിളിച്ചിട്ടെന്ന് കൊടുവായൂരില്‍ നിന്നെത്തിയ സ്ത്രീ പറഞ്ഞിരുന്നു. പേയ്‌മെന്റിന്റെ കാര്യമൊന്നും പറഞ്ഞിട്ടില്ല. സിനിമയില്‍ അഭിനയിക്കാന്‍ പോകാറുണ്ട്, ഇവിടെയും വിളിച്ചപ്പോള്‍ വന്നുവെന്നും അവര്‍ പ്രതികരിച്ചു.
കാറ്ററിംഗിനും സിനിമാ ഷൂട്ടിംഗിനുമൊക്കെ പോകാറുണ്ടെന്നും ഏജന്റ് വിളിച്ചിട്ടാണ് വന്നതെന്നും അവര്‍ പ്രതികരിച്ചു. ഗുരുവായൂര്‍ അമ്പലനടയില്‍ സിനിമയുടെ ഷൂട്ടിംഗിലാണ് അവസാനം പങ്കെടുത്തതെന്നും അവര്‍ പറഞ്ഞു. ഡിഎംകെയെ കുറിച്ച് ഇവര്‍ക്ക് അറിയില്ലെന്നാണ് വ്യക്തമാകുന്നത്.
പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് ഡി.എം.കെ. സ്ഥാനാര്‍ത്ഥി എം.എം. മിന്‍ഹാജ് നഗരത്തില്‍ റോഡ് ഷോ നടത്തിയത്. പി വി.. അന്‍വര്‍ എം.എല്‍.എയും മിന്‍ഹാജിന് ഒപ്പമുണ്ടായിരുന്നു.