കണ്ണൂര്‍: എഡിഎം നവീൻ ബാബുവിന്റെ മരണത്തിലേക്ക് നയിച്ച സംഭവങ്ങളിൽ ലാൻഡ് റവന്യു ജോയിന്‍റ് കമ്മീഷണർ ഇന്ന് സർക്കാരിന് റിപ്പോർട്ട് കൈമാറും. കലക്ടർ അടക്കമുള്ളവരുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് ലാൻഡ് റവന്യൂ ജോയിന്‍റ് കമ്മീഷണർ എ. ഗീത റിപ്പോർട്ട് സർക്കാരിന് നൽകുന്നത്. റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ആയിരിക്കും കണ്ണൂർ കലക്ടർ അരുൺ കെ. വിജയനെതിരായ തുടർ നടപടികൾ സംബന്ധിച്ച് സർക്കാർ തീരുമാനമെടുക്കുന്നത്. റവന്യൂ മന്ത്രി തലസ്ഥാനത്ത് ഇല്ലാത്തത് കൊണ്ട് ഓഫീസിലായിരിക്കും റിപ്പോർട്ട് സമർപ്പിക്കുക. റവന്യൂ മന്ത്രി കെ രാജൻ റിപ്പോർട്ട് പരിശോധിച്ച ശേഷം മുഖ്യമന്ത്രിക്ക് കൈമാറും.
അതിനുശേഷം ആയിരിക്കും നടപടികൾ സംബന്ധിച്ച തീരുമാനമുണ്ടാവുക.കണ്ണൂർ ചെങ്ങളായിയിൽ പെട്രോൾ പമ്പിനുള്ള എൻഒസി അനുവദിക്കുന്നതിൽ നവീൻ ബാബു ബോധപൂർവ്വം ഫയൽ വൈകിപ്പിച്ചു എന്നതിനുള്ള തെളിവും മൊഴികളും അന്വേഷിക്കുന്ന ലാൻഡ് റവന്യു ജോയിന്റ് കമ്മീഷണർക്ക് ഇതുവരെ ലഭിച്ചിട്ടില്ല. നവീൻ ബാബുകോഴ വാങ്ങി എന്നതിനും തെളിവ് ഇല്ലെന്നാണ് വിവരം. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റായിരുന്ന പി. പി ദിവ്യക്കെതിരെ പാർട്ടി നടപടികൾ സ്വീകരിക്കുന്ന കാര്യത്തിലും റിപ്പോർട്ട് നിർണായകമാകും. ദിവ്യയുടെ ഭാഗത്ത് നിന്ന് തെറ്റുണ്ടായെന്ന് പൊലീസ് കൂടി കണ്ടെത്തിയാൽ സംഘടനാ നടപടിയിലേക്ക് കടക്കാനും പാർട്ടി ആലോചിക്കുന്നുണ്ട്.
അതേസമയം ദിവ്യയെ എഡിഎമ്മിന്‍റെ യാത്രയയപ്പ് ചടങ്ങിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന് കണ്ണൂര്‍ ജില്ലാ കലക്ടര്‍ അരുണ്‍ കെ. വിജയന്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിട്ടുണ്ട്. നവീൻ ബാബുവിന് അവധി നൽകിയിരുന്നില്ലെന്ന കുടുംബത്തിന്‍റെ ആരോപണവും കലക്ടർ തള്ളി. നവീൻ ബാബുവും താനുമായി അടുത്ത ബന്ധമുണ്ടായിരുന്നു. അവധി സംബന്ധിച്ച് വിഷയങ്ങളുണ്ടായിരുന്നില്ല. അത് ഇവിടെ പരിശോധിച്ചാൽ മനസിലാകുമെന്നും അദ്ദേഹം പറഞ്ഞു. സ്ഥലം മാറ്റത്തിന് അപേക്ഷ നൽകിയിട്ടില്ല. അത് സർക്കാർ തീരുമാനിക്കുന്നതിന് അനുസരിച്ച് ചെയ്യുമെന്നും കലക്ടർ പറഞ്ഞിരുന്നു.