തിരുവനന്തപുരം: വിവിധ പരാതികളുടെ പേരിൽ സിപിഎം അച്ചടക്ക നടപടി നേരിട്ട പി.കെ ശശിക്ക് കെടിഡിസി ചെയർമാൻ എന്ന നിലയിൽ വിദേശയാത്രയ്ക്ക് സർക്കാരിൻ്റെ അനുമതി. ഇന്റര്‍നാഷണൽ ട്രെഡ് ഫെയർ അടക്കമുള്ള പരിപാടികളിൽ പങ്കെടുക്കാനാണ് സർക്കാർ അനുമതി നൽകിയിട്ടുള്ളത്. അടുത്ത മാസം 5,7 തിയതികളിൽ ലണ്ടനിലും 12, 14 തിയതികളിൽ ജർമനിയിലും ആണ് പരിപാടികൾ നടക്കുന്നത്.
യാത്രയുടെ ചെലവ് ടൂറിസം വകുപ്പ് ആയിരിക്കും വഹിക്കുക. കേരള ടൂറിസത്തെ വിദേശ മാർക്കറ്റുകളിൽ പരിചയപ്പെടുത്തുകയാണ് യാത്രയുടെ ലക്ഷ്യം. തെരഞ്ഞെടുപ്പിന് ശേഷം മാത്രമേ ശശി കേരളത്തിലേക്ക് മടങ്ങിയെത്തുകയുള്ളൂ. ഗുരുതര ആരോപണങ്ങളുടെ പേരിൽ സിപിഎമ്മിൽ അച്ചടക്ക നടപടി നേരിട്ടയാളാണ് ശശി. പി കെ ശശി ജില്ലയിൽ നിന്ന് മുങ്ങുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു.
പലതരത്തിലുള്ള പരാതികളുടെ അടിസ്ഥാനത്തിലാണ് ശശിയെ പാർട്ടി ഘടകങ്ങളിൽ നിന്ന് തരംതാഴ്ത്തിയത്. തെരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളിൽ നിന്ന് നീക്കാൻ തീരുമാനിച്ചിരുന്നെങ്കിലും കെടിഡിസി ചെയർമാൻ സ്ഥാനത്തുനിന്ന് ശശിയെ ഇതുവരെ പാർട്ടി നീക്കിയിട്ടില്ല.