ടെൽ അവീവ്: ഉപരോധത്തിലമർന്ന ജബാലിയ, ദേർ അൽ ബലാഹ് ഉൾപ്പെടെ വടക്കൻ ഗസ്സയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 73 പേർ കൊല്ലപ്പെട്ടു. ഇതോടെ 19 ദിവസത്തിനിടെ പ്രദേശത്ത് കൊല്ലപ്പെടുന്ന ഫലസ്തീനികളടെ എണ്ണം 770 കവിയുകയും ആയിരത്തിലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ഗസ്സയിലും ലബനാനിലും വെടിനിർത്തലിന് ശ്രമം തുടരുമെന്ന് ഗൾഫ് ഭരണാധികാരികൾക്കു മുമ്പാകെ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിൻകൻ ഉറപ്പ് നൽകി. എന്നാൽ നിലവിൽ വെടിനിർത്തൽ ചർച്ചകൾക്ക് സാധ്യത കുറവാണെന്ന് പെന്‍റഗൺ വക്താവ് ജോൺ കിർബി അറിയിച്ചു. ഇറാനെ ആക്രമിക്കാൻ വ്യോമസേന പരിശീലനം തുടരുന്നതായി ഇസ്രായേൽ പ്രതിരോധ മന്ത്രി പറഞ്ഞു.
ഇന്നലെ രക്ഷാ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട സിവിൽ ഡിഫൻസ് ജീവനക്കാർക്ക് നേരെയും വ്യോമാക്രമണം നടന്നു. സംഭവത്തിൽ നിരവധി ആളുകൾ മരിച്ചു. ആരോഗ്യ പ്രവർത്തകർക്ക് നേരെയും കഴിഞ്ഞ ദിവസങ്ങളിൽ വ്യാപക ആക്രമണം നടന്നു. ജബാലിയയിലെ ഇസ്രായേൽ സൈനിക കേന്ദ്രത്തിനു നേരെ ആക്രമണം നടത്തിയതായി ഹമാസ് അറിയിച്ചു. ആക്രമണഭീതിയിൽ ആയിരങ്ങളാണ് പ്രദേശത്തു നിന്ന് ലക്ഷ്യമറിയാതെ പലായനം ചെയ്തത്.
വടക്കൻ ഗസ്സയിൽ സഹായം എത്തിക്കാനും വെടിനിർത്തൽ സാധ്യത അറിയാനും ഇസ്രായേലിനോട് ആവശ്യപ്പെട്ടതായി ഇസ്രായേലിൽ നിന്ന് സൗദിയിലെത്തിയ ആന്‍റണി ബ്ലിൻകൻ പറഞ്ഞു. എന്നാൽ നിലവിലെ സാഹചര്യത്തിൽ വെടിനിർത്തൽ ചർച്ചകൾക്കുള്ള സാധ്യത വിരളമാണെന്ന് പെന്‍റഗൺ വക്താവ് ജോൺ കിർബി അഭപ്രായപ്പെട്ടു.
ബെയ്റൂത്ത് ഉൾപ്പെടെ ലബനാനിലും ഇസ്രായേൽ വ്യോമാക്രമണത്തിൽ മാറ്റമില്ല. ബെയ്റൂത്തിലെ കെട്ടിടങ്ങളിൽ നിന്ന് ഒഴിയാൻ ഇസ്രായേൽ സേന മുന്നറിയിപ്പ് നൽകി. എന്നാൽ ഇസ്രയേലിന്റെ പ്രധാന കേന്ദ്രങ്ങൾക്കു നേരെ കൂടുതൽ ഡ്രോണുകൾ അയച്ച് ഹിസ്ബുല്ല തിരിച്ചടിച്ചു. ഇതുവരെ 70 ഇസ്രായേൽ സൈനികരെ വധിക്കുകയും 600ൽ ഏറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഹിസ്ബുല്ല അറിയിച്ചു. വ്യോമസേനയുടെ കരുത്ത് ഇറാൻ വൈകാതെ തിരിച്ചറിയുമെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി യോവ് ഗാലന്‍റിന്‍റെ മുന്നറിയിപ്പ് നൽകി.