ഭുവനേശ്വർ: ദാന ചുഴലിക്കാറ്റിനെ നേരിടാൻ 10 ലക്ഷം പേരെയാണ് ഒഴിപ്പിക്കാൻ ഉദ്ദേശിച്ചതെന്നും ഇതിൽ 30 ശതമാനത്തിലധികം പേരെയും ബുധനാഴ്ച വൈകിട്ടോടെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയെന്നും ഒഡിഷ മുഖ്യമന്ത്രി മോഹൻ ചരൺ മാജി പറഞ്ഞു. സംസ്ഥാന ജനസംഖ്യയുടെ പകുതിയോളം പേരെ ചുഴലിക്കാറ്റ് ബാധിക്കുമെന്നാണ് ആശങ്ക. വെള്ളിയാഴ്ച രാവിലെയോടെ ചുഴലിക്കാറ്റ് ഒഡീഷ തീരം കടന്നേക്കും. സർക്കാർ സജ്ജീകരണങ്ങൾ മുഖ്യമന്ത്രി അവലോകനം ചെയ്തു.
‘‘3 ജില്ലകളെ കൊടുങ്കാറ്റ് രൂക്ഷമായി ബാധിക്കും. അപകട മേഖലകളിൽനിന്ന് ആളുകളെ ഒഴിപ്പിക്കുന്നതിനുള്ള നടപടികൾ തുടരുകയാണ്. ഇതുവരെ, ലക്ഷ്യമിട്ടിരുന്ന 10 ലക്ഷം പേരിൽ 30 ശതമാനം പേരെയും ഒഴിപ്പിച്ചു. ബാക്കിയുള്ളവരെ വ്യാഴാഴ്ച രാവിലെ 11 മണിയോടെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റും. ചുഴലിക്കാറ്റ് ബാധിക്കാൻ സാധ്യതയുള്ള തീരപ്രദേശങ്ങളിലാണ് ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്’’– മുഖ്യമന്ത്രി പറഞ്ഞു. ക്യാംപുകളിലേക്കു മാറ്റിയവർക്കെല്ലാം ഭക്ഷണം ഉൾപ്പെടെയുള്ള സൗകര്യങ്ങൾ നൽകുന്നുണ്ട്. അഭയകേന്ദ്രങ്ങളിൽ മറ്റെല്ലാ സജ്ജീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ടെന്നും സർക്കാർ വ്യക്തമാക്കി.
ചുഴലിക്കാറ്റിനെ തുടർന്നുണ്ടാകുന്ന സാഹചര്യം നേരിടാൻ സർക്കാർ പൂർണ സജ്ജമാണെന്നും ജനങ്ങൾ സുരക്ഷിതരായിയിരിക്കണമെന്നും പരിഭ്രാന്തരാകരുതെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. വിവിധ ജില്ലകളിൽ മന്ത്രിമാരെയും പരിചയസമ്പന്നരായ ഉദ്യോഗസ്ഥരെയും നിയോഗിച്ചു. ഭദ്രക്, ബാലസോർ, ജഗത്സിംഗ്പുർ, കട്ടക്ക്, പുരി തുടങ്ങിയ ജില്ലകളെയാണ് ചുഴലിക്കാറ്റ് ഏറ്റവും കൂടുതൽ ബാധിക്കുക. ചുഴലിക്കാറ്റിന്റെ ഗതി മാറിയാൽ മറ്റു ജില്ലകളെയും ബാധിക്കാൻ സാധ്യതയുണ്ട്. ആ സാഹചര്യം നേരിടാനും സർക്കാർ സജ്ജമാണെന്നും മാജി വ്യക്തമാക്കി.