കൊച്ചിയിലെ അലൻ വാക്കർ ഡിജെ ഷോയ്ക്കിടെ നടന്ന മൊബൈൽ മോഷണത്തിലെ മുഖ്യപ്രതി പ്രമോദ് യാദവ് എന്ന് പൊലീസ്. കേസിൽ പിടിയിലാകാനുള്ള രണ്ട് പേർ മുംബൈയിലും രണ്ട് പേർ ഉത്തർപ്രദേശിലും ഒളിവിൽ കഴിയുകയാണ്. മൊബൈൽ മോഷണം ആസൂത്രണം ചെയ്തത് പ്രമോദ് യാദവാണ്. മോഷ്ടിക്കുന്ന മൊബൈൽ ഫോണുകൾ വിൽപ്പന നടത്തുന്നതും ഇയാൾ തന്നെ. പ്രമോദ് യാദവ് ഇപ്പോൾ യുപിയിലാണ് ഉള്ളതെന്നും പ്രത്യേക അന്വേഷണസംഘം വീണ്ടും ഇവിടെ പരിശോധന നടത്തുമെന്നും പൊലീസ് അറിയിച്ചു.
ഫോൺ മോഷ്ടിച്ച സംഭവത്തിൽ മുംബൈ തസ്കര സംഘത്തെ പൂട്ടാനുള്ള തീരുമാനത്തിലാണ് കൊച്ചി പൊലീസ്. വിമാനത്താവളത്തിലെ സിസിടിവി ദൃശ്യങ്ങൾ കണ്ടെടുത്തു. ഫോണുകൾ ട്രേയിൽ വെക്കുന്നത് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. പിടിച്ചെടുത്ത ഫോണുകൾ വിശദപരിശോധനക്ക് അയക്കുമെന്ന് പൊലീസ് അറിയിച്ചു. കണ്ടെടുത്ത 4 ഫോണുകളിൽ ഒരെണ്ണം ഐഫോണാണ്.
പതിനായിരത്തോളം പേര്‍ പങ്കെടുത്ത മെഗാ ഡിജെ ഷോയിൽ സ്റ്റേജില്‍ അലന്‍വാക്കര്‍ സംഗീതത്തിന്‍റെ ലഹരിപടര്‍ത്തുമ്പോള്‍ സംഗീതാസ്വാദകര്‍ക്കിടയില്‍ നടന്നത് സിനിമാ സ്റ്റൈലിലുള്ള വന്‍ കവര്‍ച്ചയാണ്. കൃത്യമായ ആസൂത്രണത്തോടെ എത്തിയ കവര്‍ച്ച സംഘം കാണികള്‍ക്കിടയിലേക്ക് നുഴഞ്ഞുകയറി. ചടുലതാളത്തിനൊത്ത് നൃത്തം ചവിട്ടുന്നവരുടെ ശ്രദ്ധ തെറ്റുന്നത് നോക്കിനിന്ന് മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ചു. മുന്‍നിരയില്‍ 6000 രൂപയുടെ വിഐപി ടിക്കറ്റെടുത്ത് സംഗീതമാസ്വദിച്ചവരുടെ കൂട്ടത്തില്‍ നിന്നാണ് മൊബൈല്‍ ഫോണുകള്‍ എല്ലാം മോഷണം പോയത്.