tips

വാഴപ്പഴം ഇനി വേഗം കറുത്ത് പോകില്ല; വഴിയുണ്ട് ! keep-bananas-fresh-longer

പഴുക്കുന്നതിന് മുമ്പ് ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് പഴത്തിന്‍റെ തൊലി കറുക്കാൻ കാരണമാകും

ഏറ്റവും നല്ല ആരോഗ്യഗുണങ്ങൾ ഉള്ള പഴങ്ങളിൽ ഒന്നാണ് വാഴപ്പഴം. ധാതുക്കളും നാരുകളും വൈറ്റമിനുകളും ഏറെയുണ്ട് ഇതിൽ. അതുകൊണ്ടു തന്നെ ദിവസവും ഇത് കഴിക്കുന്നതും ആരോഗ്യത്തിന് നല്ലതാണ്. എന്നാൽ കുട്ടികളിൽ പലരും ഇത് വേണ്ട എന്ന പറയാൻ ഒരു കാരണം ഓവർ ആയിട്ട് പഴുത്ത് പോകുന്നതും കറുത്ത പുള്ളികള്‍ പ്രത്യക്ഷപ്പെടുന്നതുമെല്ലാം ആണ്. കുട്ടികൾ മാത്രമല്ല, മുതിർന്നവർക്കും ഇതൊക്കെ പാടെ ഇഷ്ടമല്ല. വലിയ അളവിൽ വാങ്ങി വീട്ടിൽ വച്ചാൽ ആണ് ഇത് പെട്ടെന്നു ഇത്തരത്തിൽ കറുത്ത് പോകുന്നത്. ഇത് പെട്ടെന്ന് ഉപയോഗിച്ചില്ലെങ്കില്‍ ചീഞ്ഞു പോവുകയും ചെയ്യും. പെട്ടെന്ന് പഴുത്തു പോകുന്നത് ഒഴിവാക്കാന്‍ ചില വഴികളുണ്ട്.

  • ഫ്രീസ് ചെയ്ത വാഴപ്പഴം സ്മൂത്തികൾക്കും ബേക്കിംഗിനും ഐസ്ക്രീമിനും ഉപയോഗിക്കാം. പെട്ടെന്ന് കഴിച്ചു തീര്‍ക്കാന്‍ പറ്റാത്ത അളവില്‍ വാഴപ്പഴം ബാക്കി വന്നാല്‍ ഇവ ചെറുതായി അരിഞ്ഞു വായു കടക്കാത്ത പാത്രത്തിലോ ഫ്രീസർ ബാഗിലോ വെച്ച് ഫ്രീസറില്‍ വെക്കാം. ഇങ്ങനെ മാസങ്ങളോളം സൂക്ഷിക്കാവുന്നതാണ്.
  • ആപ്പിൾ, അവോക്കാഡോ, പീച്ച്, തക്കാളി തുടങ്ങി എഥിലീൻ വാതകം പുറത്തുവിടുന്ന മറ്റ് പഴങ്ങൾക്ക് സമീപം വയ്ക്കുമ്പോൾ വാഴപ്പഴം വേഗത്തിൽ പാകമാകും. അതിനാല്‍, ഇവയുടെ കൂടെ വാഴപ്പഴം സൂക്ഷിക്കാതിരിക്കുക. വാഴപ്പഴം ഒരു കൊളുത്തിൽ തൂക്കിയിടുകയോ, ഫ്രൂട്ട് ഹമ്മോക്കിൽ വയ്ക്കുകയോ ചെയ്യുക. ഇങ്ങനെ ചെയ്യുമ്പോള്‍ ചുറ്റും വായു സ്വതന്ത്രമായി സഞ്ചരിക്കുന്നത് പഴുക്കുന്ന പ്രക്രിയ സാവധാനത്തിലാക്കുന്നു.
  • വാഴപ്പഴം ഒരുമിച്ച് കുറെ വാങ്ങുകയാണെങ്കില്‍ പച്ചയും പഴുത്തതും ഇടകലര്‍ത്തി വാങ്ങിക്കുക. അങ്ങനെ ചെയ്യുമ്പോള്‍ അടുത്ത ദിവസങ്ങളിലെ ഉപയോഗത്തിന് പഴുത്ത പഴം എടുക്കാം. പച്ച പഴം പാകമാകാന്‍ സമയമെടുക്കുന്നതിനാല്‍ ഇത് വേറെ സൂക്ഷിക്കുക. മാത്രമല്ല, ഇങ്ങനെ ചെയ്യുമ്പോള്‍ പഴുത്ത പഴം പുറത്തു വിടുന്ന എത്തിലീന്‍ കാരണം, പച്ച പഴം പെട്ടെന്ന് പാകമാകുന്നത് ഒഴിവാക്കാം. ഉറച്ചതും തൊലിയില്‍ പാടുകള്‍ ഇല്ലാത്തതുമായ പഴം നോക്കി തിരഞ്ഞെടുക്കുക.
  • വാഴപ്പഴത്തിൻ്റെ തണ്ട് പ്ലാസ്റ്റിക് റാപ്പിലോ അലുമിനിയം ഫോയിലിലോ പൊതിയുന്നത് പഴുക്കുന്ന പ്രക്രിയ മന്ദഗതിയിലാക്കാനുള്ള വളരെ ഫലപ്രദമായ ഒരു മാര്‍ഗ്ഗമാണ്. ഇങ്ങനെ ചെയ്യുമ്പോള്‍ പഴുക്കാന്‍ സഹായിക്കുന്ന എഥിലീൻ വാതകം പുറത്തുവിടുന്നത് തടയാനും അതുവഴി പെട്ടെന്ന് പഴുക്കുന്നത് ഒഴിവാക്കാനും പറ്റും.
  • വാഴപ്പഴമെന്നാല്‍ ഒരു ഉഷ്ണമേഖലാ പഴമാണ്. വളരെ കുറഞ്ഞ താപനിലയ്ക്ക് അനുയോജ്യമല്ല ഇത്. അതിനാല്‍, പഴുക്കുന്നതിന് മുമ്പ് ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് പഴത്തിന്‍റെ തൊലി കറുക്കാൻ കാരണമാകും. അതിനാല്‍ പുറമേ, നേരിട്ട് സൂര്യപ്രകാശം അടിക്കാത്ത എവിടെയെങ്കിലും സൂക്ഷിക്കുന്നതാണ് നല്ലത്. അടുപ്പ്, ജനലുകൾ എന്നിവയ്ക്ക് സമീപം സൂക്ഷിക്കുന്നത് ഒഴിവാക്കുക.
  • പാകമാകുന്നത് മന്ദഗതിയിലാക്കാൻ അനുയോജ്യമായ താപനിലയും ഈർപ്പവും നിലനിർത്തി വാഴപ്പഴം സൂക്ഷിക്കാന്‍ വേണ്ടി പ്രത്യേകം രൂപകൽപ്പന ചെയ്ത സ്റ്റോറേജ് ബാഗാണ് ബനാന ബാഗ്. ഈ ബാഗുകൾ ഓൺലൈനിൽ ലഭ്യമാണ്.

content highlight: keep-bananas-fresh-longer