തിരുവനന്തപുരം: ഇപ്പോള്‍ എല്ലാവരും ബനാന ടീയുടെ പിന്നാലെയാണ്. പഴം കൊണ്ട് ചായ ഉണ്ടാക്കുന്നത് എങ്ങനെയെന്ന് അറിയാമോ ? കലോറി അധികമാണെന്നതും പഞ്ചസാരയുടെ അളവ് ഉയരും എന്നതും പ്രമേഹരോഗികളെയും ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവരെയും പഴം കഴിക്കുന്നതില്‍ നിന്ന് അകറ്റാറുണ്ട്. എന്നാല്‍ ഈ വിഭാഗക്കാര്‍ക്ക് കഴിക്കാവുന്ന ഒന്നാണ് ബനാന ടീ. ചെറിയ മധുരവും ധാരാളം ആരോഗ്യ ഗുണങ്ങളുമാണ് ഈ പാനീയത്തെ പലര്‍ക്കും പ്രിയപ്പെട്ടതാക്കുന്നത്.
രാത്രിയില്‍ ഉറക്കത്തിന് മുമ്പാണ് ബനാന ടീ കുടിക്കുന്നത് ഏറെ നല്ലത്. പഞ്ചസാര അടങ്ങിയിട്ടുള്ള മറ്റ് പാനീയങ്ങള്‍ക്ക് പകരമായി ശീലിക്കാവുന്ന ഒന്നാണ് ഇത്. പഴത്തില്‍ അടങ്ങിയിട്ടുള്ള മധുരമാണ് ഈ ചായയിലേക്കും ചേരുന്നത്. അതുകൊണ്ട് വീണ്ടും പഞ്ചസാര കലര്‍ത്തി മധുരം പകരേണ്ടതില്ല. നല്ല ഉറക്കം കിട്ടാന്‍ സഹായിക്കുന്നു എന്നതാണ് ബനാന ടീയുടെ പ്രധാന സവിശേഷത. പേശികള്‍ക്ക് അയവ് നല്കുന്ന ട്രിപ്ടോഫാന്‍, സെറോടോണിന്‍, ഡോപ്പമിന്‍ തുടങ്ങിയവ ബനാന ടീയില്‍ അടങ്ങിയിട്ടുണ്ട്. ഇവ മാനസിക പിരിമുറുക്കവും സമ്മര്‍ദ്ദവും കുറയ്ക്കാന്‍ സഹായകരവുമാണ്.
പഴത്തില്‍ അടങ്ങിയിട്ടുള്ള വൈറ്റമിന്‍ ബി6 രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു. ഹൃദ്രോഗികള്‍ക്ക് ബനാന ടീ വളരെ നല്ലതാണ്.പഴത്തെ ചായപ്പൊടിയായി വാറ്റിയെടുക്കുമ്പോള്‍ തന്നെ അതില്‍ അടങ്ങിയിട്ടുള്ള പഞ്ചസാരയും കാര്‍ബോഹൈഡ്രേറ്റും നിര്‍വീര്യമാക്കപ്പെടും. ചായ ഉണ്ടാക്കാന്‍ വെള്ളത്തിലേക്ക് കലര്‍ത്തുമ്പോള്‍ ഇതിലെ പഞ്ചസാര വെള്ളവുമായി ലയിക്കും. ഇതോടെ ചായയില്‍ പഞ്ചസാര ഉപയോഗിക്കേണ്ടി വരില്ല. ഈ ബനാന ടീ തയ്യാറാക്കുന്നതും വളരെ എളുപ്പമാണ്. ആദ്യം ഒരു പാത്രത്തില്‍ വെള്ളം ചൂടാക്കാന്‍ വയ്ക്കുക. നല്ല പോലെ തിളച്ചു വരുമ്പോള്‍ ഒരു പഴം വെള്ളത്തിലേക്കിടുക.പഴം നല്ല പോലെ വെന്തുകഴിഞ്ഞാല്‍ ആ വെള്ളം ഒരു കപ്പിലേക്ക് അരിച്ചൊഴിക്കുക. ബനാന ടീ തയ്യാറായി. ഗ്രീന്‍ ടീക്കുശേഷം ഇനി വിപണിയെയും സമൂഹത്തെയും കീഴടക്കാന്‍ പോകുന്നത് ഈ ചായ ആയിരിക്കും.
content highlight: benefits-of-having-banana-tea