മൊബൈൽ ഫോണുകൾ ഉപയോഗിക്കാത്ത ആളുകൾ വളരെ കുറവാണ്, പ്രത്യേകിച്ച് സ്മാർട്ട് ഫോൺ. ഇന്നത്തെ കാലത്ത് കുട്ടികളിലും ഫോണിന്റെ ഉപയോഗം കൂടുതലാണ്. പണ്ട് ഗ്രൗണ്ടിൽ ഇറങ്ങി കളിച്ചിരുന്നവർ ഇന്ന് ഒരു റൂമിൽ, ഒരു മൂലയിൽ ചടഞ്ഞ് കൂടിയിരുന്നു ഫോണിൽ ആണ് കളിക്കുന്നത്. കോവിഡ് സമയത്താണ് കുട്ടികൾക്ക് മാതാപിതാക്കൾ ഫോൺ നൽകാൻ തുടങ്ങിയത്. എന്നാൽ അമിതമായ മൊബൈൽ ഫോൺ ഉപയോഗം കുട്ടികളെ വെർച്വൽ ഓട്ടിസത്തിലേക്കാണ് നയിക്കുന്നത് എന്നാണ് ഗവേഷണ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
കുട്ടികൾ മൊബൈൽ ഫോൺ ഉപയോഗിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ നിന്നും അത് വാങ്ങി വയ്ക്കുമ്പോൾ അസ്വസ്ഥത പ്രകടിപ്പിക്കുന്നത് അതുകൊണ്ടാണ്. കുട്ടികളുടെ ബുദ്ധിപരമായ വളർച്ചയെ തടസ്സപ്പെടുത്തുകയും യഥാർത്ഥ ഓട്ടിസം പോലെയുള്ള സാമൂഹിക ഇടപെടൽ, ആശയവിനിമയ പ്രശ്‌നങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്ന വെർച്വൽ ഓട്ടിസത്തിന്റെ തുടക്കം ഇവിടെ നിന്നും ആണ് തിരിച്ചറിയേണ്ടത്. വൈകാരിക ആത്മനിയന്ത്രണം ഇല്ലായ്മ ഇത്തരം കുട്ടികളുടെ ഒരു പ്രധാന ലക്ഷണമാണ്.
മൂന്നു വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ഒരു കാരണവശാലും മൊബൈൽ ഫോൺ ദീർഘസമയം ഉപയോഗിക്കാനായി നൽകരുതെന്നാണ് ആരോഗ്യ വിദഗ്ധർ ഉപദേശിക്കുന്നത്. പലപ്പോഴും ഇത് ഓട്ടിസം സ്പെക്ട്രം ഡിസോർഡറിലേക്ക് തന്നെ നയിക്കുകയും ചെയ്യുന്നതാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
സ്‌ക്രീൻ സമയം വർദ്ധിക്കുന്നത് മെലനോപ്‌സിൻ പ്രകടിപ്പിക്കുന്ന ന്യൂറോണുകളുമായും ഗാമാ-അമിനോബ്യൂട്ടിക് ആസിഡ് ന്യൂറോ ട്രാൻസ്മിറ്ററിൻ്റെ കുറവുമായും ബന്ധപ്പെട്ടിരിക്കുന്നു. ചെറുപ്രായത്തിൽ തന്നെ തീവ്രമായ സ്‌ക്രീൻ എക്‌സ്‌പോഷർ ഉണ്ടാകുന്നതു വഴി കുട്ടികളുടെ വികസിക്കുന്ന തലച്ചോറിൽ പ്രശ്‌നങ്ങൾ ഉണ്ടാക്കും.
കുട്ടികളിലെ അമിതമായ മൊബൈൽ ഉപയോഗം സംസാരം വൈകുന്നതു മുതൽ രുചിയില്ലായ്മ വരെ ഉണ്ടാകുന്നതിന് കാരണമാകുന്നതാണ്. വൈജ്ഞാനിക ശേഷി കുറയുക, ഭാഷാ വികാസം കുറയുക, പഠനത്തിലെ ശ്രദ്ധയില്ലായ്മ തുടങ്ങിയ ആരോഗ്യപരമായ പ്രതികൂല ഫലങ്ങളാണ് വെർച്വൽ ഓട്ടിസം വഴി ഉണ്ടാകുന്നത്. ഇത്തരം ലക്ഷണങ്ങൾ ഉള്ള കുട്ടികൾക്ക് പലപ്പോഴും ഉറക്കം കുറയുകയോ കൂടുതൽ ഉറങ്ങുകയോ മറ്റ് ആളുകളുമായി ഇടപെടാൻ കഴിയാതെ ഇരിക്കുകയോ ചെയ്യാം. വിഷാദവും ദേഷ്യവും പോലെയുള്ള പ്രശ്നങ്ങളും ആത്മവിശ്വാസക്കുറവും വെർച്വൽ ഓട്ടിസത്തിൽ ഉണ്ടാകുന്നതാണ്.
ഓട്ടിസം പോലെ തന്നെ വെർച്വൽ ഓട്ടിസവും കുട്ടികളെ ബാധിക്കുമ്പോൾ അത് കുടുംബത്തിന്റെ തന്നെ താളം തെറ്റിക്കുന്നതാണ്. അതിനാൽ തന്നെ വെർച്വൽ ഓട്ടിസം ഇന്ന് ഓരോ കുടുംബവും പേടിയോടെ കാണേണ്ട ഒന്ന് തന്നെയാണ്. എന്നാൽ ഇതൊരു പരിഹാരം ഇല്ലാത്ത അസുഖം അല്ല എന്നും തിരിച്ചറിയണം. സ്വയം നന്നാക്കാനുള്ള നമ്മുടെ തലച്ചോറിന്റെ കഴിവ് ആണ് ഇക്കാര്യത്തിൽ നിങ്ങളുടെ കുട്ടികൾക്ക് ഏറെ സഹായകരമാകുക. കോശങ്ങളെ പുനരുജ്ജീവിപ്പിക്കാനുള്ള തലച്ചോറിൻ്റെ കഴിവ് പരിധിയില്ലാത്തതാണ്. അതിനാൽ തന്നെ കുട്ടികളുടെ മൊബൈൽ ഉപയോഗം പരമാവധി ഒഴിവാക്കിക്കൊണ്ട് ബൗദ്ധിക കഴിവുകൾ വികസിപ്പിക്കുന്ന തരത്തിലുള്ള മറ്റു കളികളിലേക്ക് അവരുടെ ശ്രദ്ധയെ തിരിച്ചു വിടേണ്ടതാണ്. പസിലുകൾ പോലെയുള്ള വൈജ്ഞാനിക ശക്തിയെ പരിപോഷിപ്പിക്കുന്ന കളികളും കളിപ്പാട്ടങ്ങളും കുട്ടികൾക്കായി നൽകുന്നതുവഴി അവരുടെ തലച്ചോറിനെ പുനരുജ്ജീവിപ്പിക്കാൻ സാധ്യമാകും. ഒന്നും പെട്ടെന്ന് ഒരു ദിവസം കൊണ്ട് കഴിയുന്നതല്ലെങ്കിലും പതിയെ പതിയെ കുട്ടികളുടെ മൊബൈൽ ഉപയോഗം നിയന്ത്രിച്ച് അവരെ നല്ലൊരു സാമൂഹിക ജീവിതത്തിലേക്ക് പറിച്ചു നട്ടാൽ നിങ്ങളുടെ കുഞ്ഞിന്റെ മികച്ച ഭാവിക്ക് വേണ്ടി ചെയ്യാൻ കഴിയാവുന്ന ഏറ്റവും നല്ല കാര്യമായിരിക്കും അത്.
content highlight: virtual-autism-related