Sports

സൂപ്പര്‍ ലീഗ് കേരള: കൊമ്പന്‍സ് നാളെ ഫോഴ്‌സ കൊച്ചിയെ നേരിടും; ചന്ദ്രശേഖരന്‍നായര്‍ സ്‌റ്റേഡിയത്തില്‍

നാളെ നടക്കുന്ന സൂപ്പര്‍ ലീഗ് കേരളയില്‍ ആതിഥേയരായ തിരുവനന്തപുരം കൊമ്പന്‍സ് എഫ്സി, ഫോഴ്സ കൊച്ചി എഫ്സിയെ നേരിടും. ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തിലാണ് ഇരുടീമുകള്‍ക്കും നിര്‍ണായകമായ പോരാട്ടം നടക്കുന്നത്. കഴിഞ്ഞയാഴ്ച കോഴിക്കോട്ട് നടന്ന മത്സരത്തില്‍ ടേബിള്‍ ടോപ്പര്‍മാരായ കണ്ണൂര്‍ വാരിയേഴ്സ് എഫ്സിയെ 2-1 ന് തോല്‍പ്പിച്ചതിന്റെ ആത്മവിശ്വാസത്തലാണ് കൊമ്പന്‍സ് കളത്തിലിറങ്ങുന്നത്. എട്ട് മത്സരങ്ങളില്‍ നിന്ന് 12 പോയിന്റുമായി അവര്‍ മൂന്നാം സ്ഥാനത്താണുള്ളത് (3 ജയം, 2 തോല്‍വി, 3 സമനില).

ഫോഴ്സയ്ക്കും ഇത് ജീവന്‍ മരണ പോരാട്ടമാണ്, സെമിഫൈനലില്‍ കളിക്കാന്‍ കൊച്ചി ടീമിന് നാളത്തെ മത്സരത്തില്‍ വിജയം അനിവാര്യമാണ്. നിലവിലെ സാഹചര്യത്തില്‍ 16 പോയിന്റുള്ള കോഴിക്കോട് എഫ്സി മാത്രമാണ് അവസാന നാലില്‍ സ്ഥാനം ഉറപ്പിച്ച ഏക ടീം. 13 പോയിന്റുമായി കണ്ണൂര്‍ രണ്ടാം സ്ഥാനത്തും 10 പോയിന്റുമായി ഫോഴ്സ നാലാം സ്ഥാനത്തും ഉണ്ട്. എല്ലാ ടീമുകള്‍ക്കും രണ്ട് കളികള്‍ ബാക്കിയുള്ളപ്പോള്‍ ഓരോ പോയിന്റും നിര്‍ണായകമാണ്.

ബ്രസീലിയന്‍ ഹെഡ് കോച്ച് സെര്‍ജിയോ അലക്സാന്ദ്രെയാണ് കൊമ്പന്‍സിന്റെ പോരാട്ട വീര്യത്തിന് പിന്നിലെ സൂത്രധാരന്‍. തന്ത്രങ്ങള്‍ മെനയുന്നതില്‍ പേരുകേട്ട സെര്‍ജിയോയുടെ നേത്രുത്വമാണ് കൊമ്പന്‍സിന്റെ മികച്ചപ്രകടനങ്ങള്‍ക്ക് പിന്നില്‍, പ്രത്യേകിച്ച് മിഡ് ഫീല്‍ഡില്‍ പ്രാവീണ്യമുള്ള പാട്രിക് മോട്ട വിജയകുതിപ്പിനുള്ള കടിഞ്ഞാണ്‍ വലിക്കുന്നു. കഴിഞ്ഞ മത്സരങ്ങളില്‍ ഗോളുകള്‍ വഴങ്ങുമ്പോഴും കളത്തിലെ അവരുടെ നിര്‍ഭയമായ സമീപനം ആരാധകരുടെ പ്രശംസയ്ക്ക് ഇടയാക്കിയിട്ടുണ്ട്.

CONTENT HIGH LIGHTS;Super League Kerala: Compens will face Forsa Kochi tomorrow; at the Chandrasekaran Nair Stadium