Sports

കേരള ക്രിക്കറ്റ് ടീം പരിശീലകന്‍ മസര്‍ മൊയ്ദുവിന് ഇന്ത്യ എ ടീം ഫീല്‍ഡിങ് കോച്ചായി നിയമനം

കേരള ക്രിക്കറ്റ് ടീം പരിശീലകന്‍ ഒ.വി മസര്‍ മൊയ്ദുവിന് ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യ എ ടീമിന്റെ ഫീല്‍ഡിങ് കോച്ചായി നിയമനം. കണ്ണൂര്‍ തലശേരി സ്വദേശിയായ മസര്‍ മൊയ്ദു ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ ഭാഗമാകുന്ന കേരളത്തില്‍ നിന്നുള്ള രണ്ടാമത്തെയും കണ്ണൂരില്‍ നിന്നുള്ള ആദ്യ കോച്ചുമാണ്. ബിജു ജോര്‍ജ്ജാണ് നേരത്തെ ദേശിയ ടീമിന്‍റെ ഭാഗമായ മലയാളി പരിശീലകന്‍. 2012 മുതല്‍ കെസിഎയുടെ കീഴില്‍ സേവനം ആരംഭിച്ച അദ്ദേഹം കേരള അണ്ടര്‍-16, അണ്ടര്‍-19, അണ്ടര്‍-25, വുമന്‍സ് സീനിയര്‍ ടീമകളുടെ പരിശീലകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

കൂടാതെ, കേരള രഞ്ജി ട്രോഫി ടീം, എന്‍സിഎ അണ്ടര്‍-19 ബോയിസ്, ദുലീപ് ട്രോഫി ടീമുകളുടെ ഫീല്‍ഡിങ് കോച്ചുമായിരുന്നു. 2007 ല്‍ ബി.സി.സിഐയുടെ ലെവല്‍ എ സര്‍ട്ടിഫിക്കേഷന്‍ കരസ്ഥമാക്കിയതോടെയാണ് മൊയ്ദു പരിശീലകനായി പ്രവര്‍ത്തനം തുടങ്ങിയത്. പിന്നീട് ബിസിസിഐ ലെവല്‍ ബി സര്‍ട്ടിഫിക്കേഷനും നേടിയ അദ്ദേഹം 2014 ല്‍ ബാംഗ്ലൂരിലെ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയിലെ ഫീല്‍ഡിങ് കോച്ച് പരിശീലനവും പൂര്‍ത്തിയാക്കി. നിയമനം ലഭിച്ച അദ്ദേഹം ഉടന്‍ തന്നെ സ്‌ക്വാഡിനൊപ്പം ജോയിന്‍ ചെയ്യും.

CONTENT HIGHLIGHTS;Kerala cricket team coach Masar Moidu appointed as India A team fielding coach