Kerala

രാഹുൽ മാങ്കൂട്ടത്തിലിന്‍റെ ജാമ്യവ്യവസ്ഥയിൽ ഇളവ് അനുവദിച്ച് കോടതി; പൊലീസ് സ്‌റ്റേഷനില്‍ ഒപ്പിടാന്‍ തിരുവനന്തപുരത്ത് എത്തേണ്ട

തിരുവനന്തപുരം: പാലക്കാട് നിയോജകമണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യവ്യവസ്ഥയിൽ ഇളവ് നൽകി കോടതി. നവംബർ 13 വരെ സ്റ്റേഷനിൽ മ്യൂസിയം പോലീസ് സ്റ്റേഷനിൽ ഒപ്പിടാൻ ഹാജരാകേണ്ടതില്ലെന്ന് കോടതി അറിയിച്ചു. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് രാഹുലിന് ഇളവ് അനുവദിച്ചത്.

രാഹുലിന്‌ ഇളവ് നൽകരുതെന്ന പൊലീസ് റിപ്പോർട്ട് തളളിയാണ് കോടതിയുടെ ഈ നടപടി. ഇളവ് നൽകിയാൽ സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്ന് പൊലീസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ സൂചിപ്പിച്ചിരുന്നു.

എന്നാൽ പാലക്കാട് സ്ഥാനാർത്ഥിയെന്ന നിലക്കാണ് രാഹുൽ മാങ്കൂട്ടത്തിൽ ഇതിനെതിരെ ഹർജി നൽകിയത്. സ്ഥാനാർത്ഥി ആയിട്ടും പൊലീസ് തന്നെ വേട്ടയാടുകയാണെന്നായിരുന്നു രാഹുലിന്റെ പ്രതികരണം.

കഴിഞ്ഞ എട്ടാം തീയതി യു.ഡി.എഫ്. യുവജനസംഘടനകൾ നിയമസഭയിലേക്ക്‌ നടത്തിയ മാർച്ചിനെത്തുടർന്ന് മ്യൂസിയം പോലീസ് അറസ്റ്റുചെയ്ത കേസിൽ രാഹുൽ റിമാൻഡിലായിരുന്നു. എല്ലാ തിങ്കളാഴ്ചയും മ്യൂസിയം പോലീസ് സ്റ്റേഷനിൽ ഒപ്പിടണമെന്ന വ്യവസ്ഥയിലാണ് അദ്ദേഹത്തിന് ജാമ്യം ലഭിച്ചത്.

എന്നാൽ, പാലക്കാട്ട് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനാൽ ജാമ്യവ്യവസ്ഥയിൽ ഇളവു നൽകണമെന്നാവശ്യപ്പെട്ട് രാഹുൽ കോടതിയെ സമീപിക്കുകയായിരുന്നു. ഇളവു നൽകിയാൽ സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും കുറ്റകൃത്യം ആവർത്തിക്കുമെന്നും കാണിച്ച് പോലീസ് ഹർജിയെ എതിർത്തിരുന്നു. ഈ എതിർപ്പ് അവ​ഗണിച്ചാണ് കോടതി നിലവിൽ ഇളവുകൾ അനുവദിച്ചിരിക്കുന്നത്.

അതേസമയം, മുതിർന്ന നേതാക്കൾക്കൊപ്പമെത്തി രാഹുൽ മാങ്കൂട്ടത്തിൽ നാമ നിർദ്ദേശപത്രിക സമർപ്പിച്ചു. പി സി വിഷ്ണുനാദും,ഷാഫി പറമ്പിലും, വി കെ ശ്രീകണ്ഠനുമുൾപ്പടെയുള്ള നേതാക്കൾക്കൊപ്പമാണ് രാഹുൽ എത്തിയത്.