തിരുവനന്തപുരം: കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന് ക്ലീൻചിറ്റ് നൽകി ലാൻഡ് റവന്യൂ ജോയിന്റ് കമ്മിഷണറുടെ റിപ്പോർട്ട്. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യയുടെ വാദങ്ങൾ തള്ളിയാണ് റിപ്പോർട്ട് സർക്കാരിനു സമർപ്പിച്ചത്. നവീൻ ബാബു കൈക്കൂലി വാങ്ങിയതിനു തെളിവില്ലെന്ന് കമ്മിഷണർ വ്യക്തമാക്കുന്നു. പെട്രോൾ പമ്പിനുള്ള അനുമതി വൈകിപ്പിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
അതേസമയം, ദിവ്യയെ ക്ഷണിച്ചില്ലെന്ന കലക്ടറുടെ മൊഴിയും റിപ്പോർട്ടിലുള്ളതായാണ് വിവരം. ദിവ്യയെ ക്ഷണിച്ചില്ലെന്ന് കലക്ടർ മൊഴി നൽകി. കണ്ണൂർ കളക്ടർ അടക്കം 17 പേരിൽ നിന്നാണ് മൊഴി എടുത്തത്. ദിവ്യ അന്വേഷണവുമായി സഹകരിച്ചില്ല. കൈക്കൂലി വാങ്ങി എന്നതിനു ആരും ഒരു തെളിവും നൽകിയില്ല. കൈക്കൂലി വാങ്ങി എന്നതിനു മൊഴിയും ഇല്ല. പമ്പിനു എൻഒസി നൽകിയതിൽ എഡിഎം പ്രവർത്തിച്ചത് നിയമപരമായി മാത്രമാണ്. വൈകിപ്പിച്ചില്ല എന്ന് മാത്രമല്ല അപേക്ഷകനെ സഹായിക്കാനും ശ്രമിച്ചു. പൊലീസ് റിപ്പോർട്ട് എതിരായിട്ടും എഡിഎം ടൗൺ പ്ലാനിങ് വിഭാഗത്തിന്റ റിപ്പോർട്ട് തേടിയതായും റിപ്പോർട്ടിൽ പറയുന്നു.
റവന്യൂ വകുപ്പ് സെക്രട്ടറിക്കാണ് ഇന്ന വൈകീട്ട് അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചത്. ദിവ്യ ഒഴികെ 17 പേരുടെ മൊഴി അന്വേഷണത്തിന്റെ ഭാഗമായി രേഖപ്പെടുത്തിയിട്ടുണ്ട്. പെട്രോൾ പമ്പ് അനുവദിച്ചതിൽ ഒരു തരത്തിലും നവീൻ ബാബുവിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു.
ഫയൽ നീക്കത്തിൽ വീഴ്ച പറ്റിയിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ദിവ്യയെ ക്ഷണിച്ചിട്ടില്ലെന്ന മൊഴി കമ്മിഷണർക്കു മുന്നിലും കലക്ടർ ആവർത്തിച്ചിട്ടുണ്ട്. റിപ്പോർട്ട് പരിശോധിച്ച ശേഷം കലക്ടറുടെ കാര്യത്തിൽ നടപടി സ്വീകരിക്കും.
അതേസമയം, എഡിഎമ്മിൻ്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പിപി ദിവ്യയുടെ മുൻകൂർ ജാമ്യ ഹർജി വിധി പറയാൻ മാറ്റി. ഈ മാസം 29 നാണ് കേസിൽ കോടതി വിധി പറയുക. ജാമ്യത്തിനായി ദിവ്യയുടെ അഭിഭാഷകൻ എഡിഎമ്മിനെ കുറ്റപ്പെടുത്തിയപ്പോൾ, നവീൻ ബാബുവിൻ്റെ കുടുംബത്തിൻ്റെ അഭിഭാഷകനും പ്രോസിക്യൂഷനും ദിവ്യയെ കുറ്റപ്പെടുത്തി വാദമുഖങ്ങൾ നിരത്തി. മണിക്കൂറുകളോളം നീണ്ട വാദത്തിനൊടുവിലാണ് ദിവ്യയുടെ ഹർജി വിധിപറയാൻ മാറ്റിയത്.