Kerala

കളമശേരിയില്‍ വീട്ടുകാർ പുറത്തുപോയ സമയത്ത് വീടിന് ജപ്തി; പെരുവഴിയിലായി കുടുംബം

കൊച്ചി: എറണാകുളം കളമശേരിയില്‍ ബാങ്ക് ഉദ്യോഗസ്ഥർ ആളില്ലാത്ത സമയത്തെത്തി വീട് ജപ്തി ചെയ്തതോടെ പെരുവഴിയിലായി കുടുംബം. വീട്ടില്‍ ആരുമില്ലാത്ത സമയത്ത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അധികൃതർ വീട്ടിലെത്തി ജപ്തി ചെയ്ത് പോകുകയായിരുന്നുവെന്ന് കുടുംബനാഥന്‍ അജയന്‍ പറഞ്ഞു.

വ്യാഴാഴ്ച വൈകീട്ട് മൂന്നോടെയായിരുന്നു ജപ്തി. വീട്ടില്‍ ആളില്ലാത്തതിനാല്‍ വീട് കുത്തിത്തുറന്നാണ് എസ് ബി ഐ അധികൃതർ വീടിനുളളില്‍ കയറിയത്. രാവിലെ ജോലിക്ക് പോയ ഭാര്യയും ഭർത്താവും പഠിക്കുന്ന മക്കളും തിരികെയെത്തിയപ്പോഴാണ് ഗേറ്റടക്കം ബാങ്ക് പൂട്ടിയിരിക്കുന്നത് കണ്ടത്. വസ്ത്രങ്ങളടക്കം എല്ലാ സാധനങ്ങളും വീടിനുളളിലാണുളളത്. പൂട്ടിയ വീടിനുളളില്‍ കയറാനാകാതെ പുറത്ത് നില്‍ക്കുകയാണ് അജയനും ഭാര്യയും കുട്ടികളും. വാതിലിൽ എസ്.ബി.ഐനോട്ടീസ് പതിച്ചിട്ടുണ്ട്.

“ഞങ്ങൾ പണം അടച്ചിട്ടില്ലെന്ന് പറഞ്ഞിട്ടില്ല. അഞ്ച് ലക്ഷം നേരത്തെ അടച്ചതാണ്. പോകാൻ മറ്റ് ഇടങ്ങളില്ല. ഞങ്ങൾ സ്ഥലം വിൽക്കാനും ശ്രമിക്കുകയായിരുന്നു. 50 ലക്ഷത്തിന് സ്ഥലം സമീപത്തെ ക്ഷേത്രത്തിന്റെ ആളുകൾ എടുക്കാമെന്ന് പറഞ്ഞിരുന്നു. 33 ലക്ഷം ബാങ്കിൽ അടയ്ക്കാമെന്നും അവർ വ്യക്തമാക്കിയതാണ്. ഇപ്പോൾ ഒന്നും കിട്ടാത്ത അവസ്ഥയായി. 27 ലക്ഷമാണ് വായ്പ എടുത്തത്. അതിൽ 14.5 ലക്ഷം അടച്ചിട്ടുണ്ട്. ഇപ്പോൾ 56 ലക്ഷം വേണമെന്നാണ് ബാങ്ക് പറയുന്നത്”- അജയടെ ഭാര്യ ബിബി പറഞ്ഞു.

2014 ലാണ് എസ് ബി ഐയുടെ എംജി റോഡ് ശാഖയില്‍ നിന്ന് അജയൻ 27 ലക്ഷം ലോണ്‍ എടുത്തത്. ബെഹ്റിനില്‍ ജോലി ചെയ്യവേ 14 ലക്ഷം തിരിച്ചു അടച്ചു. പ്രവാസിയായിരുന്ന അജയന് കോവിഡില്‍ ഗള്‍ഫിലെ ജോലി നഷ്ടം ആയി. പിന്നീട് നാട്ടിലേക്ക് മടങ്ങി. ഈ സമയത്ത് ലോണ്‍ അടവ് മുടങ്ങുകയായിരുന്നു.