India

ദാന ചുഴലിക്കാറ്റ് രാത്രിയോടെ തീരം തൊടും; മുന്‍കരുതലുമായി ബംഗാള്‍ സര്‍ക്കാര്‍, ഒരു ലക്ഷം പേരെ മാറ്റിപ്പാര്‍പ്പിച്ചു

കൊല്‍ക്കത്ത: ദാന ചുഴലിക്കാറ്റിന് മുന്നോടിയായുള്ള മുന്‍കരുതലിന്റെ ഭാഗമായി ഒരു ലക്ഷം ആളുകളെ മാറ്റിപ്പാര്‍പ്പിച്ച് പശ്ചിമബംഗാള്‍ സര്‍ക്കാര്‍. 80,000ത്തോളം പേരെ ദുരിതാശ്വാസ ക്യമ്പിലേക്ക് മാറ്റി.

ദാന ചുഴലിക്കാറ്റ് ഇന്ന് രാത്രിയോടെ തീരം തൊടുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. പുരിക്കും സാഗർ ദ്വീപിനും ഇടയിലാണ് ദാന തീരം തൊടുക. മണിക്കൂറിൽ 120 കിലോ മീറ്റർ വരെ വേഗതയിൽ വീശിയടിക്കുന്ന ശക്തമായ ചുഴലിക്കാറ്റായി ദാന വടക്കൻ ഒഡീഷ, പശ്ചിമ ബംഗാൾ തീരങ്ങളിലേയ്ക്ക് പ്രവേശിക്കാനുള്ള സാധ്യതയുണ്ട്.

‘ദാന ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ 1,59,837 പേരെ മാറ്റിപ്പാര്‍പ്പിച്ചു. 83,537 പേരെ ദുരിതാശ്വാസ ക്യാമ്പിലേക്കും മാറ്റി’, സര്‍ക്കാര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.

ദാന ചുഴലിക്കാറ്റ് അവസാനിക്കും വരെ ഹൗറയിലെ താല്‍ക്കാലിക സംസ്ഥാന സെക്രട്ടറിയേറ്റിലുണ്ടാകുമെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി അറിയിച്ചു. ശക്തമായ കാറ്റും അതിശക്തമായ മഴയുമാണ് ബംഗാളില്‍ പ്രതീക്ഷിക്കുന്നത്. അതുകൊണ്ട് തന്നെ കൊല്‍ക്കത്ത ഉള്‍പ്പെടെയുള്ള തീരദേശ മേഖലകളിലുണ്ടാകാനിടയുള്ള പ്രത്യാഘാതങ്ങള്‍ കണക്കിലെടുത്ത് ഇന്ന് വൈകിട്ട് ആറ് മണിമുതല്‍ നാളെ പകല്‍ ഒമ്പത് വരെ എല്ലാ വിമാന യാത്രകളും റദ്ദാക്കിയിട്ടുണ്ട്.

ദാന ചുഴലിക്കാറ്റിനെ തുടര്‍ന്ന് ഒഡീഷയിലും അതീവ ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. നാളെയോടെ ദാന കര തൊടുമെന്നാണ് ഇന്ത്യന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചത്. 100-110 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റും മഴയും ഉണ്ടാകുമെന്നാണ് പ്രവചനം.

ചുഴലിക്കാറ്റ് മുന്നറിയിപ്പ് കണക്കിലെടുത്ത് ഒഡീഷ സർക്കാർ സ്‌കൂളുകൾ അടച്ചിടുകയും മത്സ്യത്തൊഴിലാളികൾ ഒക്ടോബർ 24 വരെ കടലിൽ പോകുന്നത് ഒഴിവാക്കാൻ നിർദ്ദേശം നൽകുകയും ചെയ്തു. വിനോദ സഞ്ചാരികളോടും തീർഥാടകരോടും പുരിയിലേക്കുള്ള യാത്ര ഒഴിവാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെ, ഒഡീഷ മുഖ്യമന്ത്രി മോഹൻ ചരൺ മാജിയുടെ നേതൃത്വത്തിൽ ഒരുക്കങ്ങൾ വിലയിരുത്താൻ ഉന്നതതല യോഗം ചേർന്നിരുന്നു.

ഇന്ത്യയുടെ കിഴക്കൻ തീരത്ത് കുറഞ്ഞത് 10 ലക്ഷത്തിലധികം ആളുകളെങ്കിലും ദുരിതാശ്വാസ ക്യാമ്പുകളിലേയ്ക്ക് മാറേണ്ട സ്ഥിതിയാണുള്ളത്. 14 ജില്ലകളിലെ 3,000 ഗ്രാമങ്ങളിൽ നിന്ന് ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോ​ഗമിക്കുകയാണെന്ന് ഒഡീഷ സർക്കാർ അറിയിച്ചു. ജനങ്ങൾക്ക് ഭക്ഷണം, കുടിവെള്ളം എന്നിവ ഉൾപ്പെടെ ആവശ്യമായ എല്ലാ ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ടെന്ന് റവന്യൂ മന്ത്രി സുരേഷ് പൂജാരി അറിയിച്ചു.