ശ്രീനഗർ: ജമ്മു കശ്മീരിലെ ഗുൽമാർഗിൽ സൈനിക വാഹനത്തിന് നേരെ ഭീകരാക്രമണം. അഞ്ച് സൈനികർക്ക് പരിക്കേറ്റു. നാട്ടുകാരനായ ഒരാൾ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടയാൾ ചുമട്ടു തൊഴിലാളിയാണെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.
വ്യാഴാഴ്ച വൈകിട്ടായിരുന്നു സംഭവം. ആക്രമണം നടന്നുവെന്ന് ബാരാമുള്ള പൊലീസ് സ്ഥിരീകരിച്ചു. ബാരാമുള്ള ജില്ലയിലെ ബുടപത്രി സെക്ടറിൽ സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ നടന്നുവെന്നും പൊലീസ് അറിയിച്ചു. പുൽവാമയിൽ ഒരു തൊഴിലാളിക്ക് നേരെ ഭീകരർ വെടിയുതിർത്ത് മണിക്കൂറുകൾക്ക് ശേഷമാണ് മറ്റൊരു ആക്രമണത്തിന്റെ റിപ്പോർട്ടുകൾ പുറത്തുവരുന്നത്.
ദിവസങ്ങൾക്ക് മുമ്പ് കശ്മീരിലെ ഗന്ദേർബൽ ജില്ലയിലുണ്ടായ ഭീകരാക്രമണത്തിൽ ഒരു ഡോക്ടറും ആറു നിർമാണത്തൊഴിലാളികളുമടക്കം ഏഴുപേർ കൊല്ലപ്പെട്ടിരുന്നു. ഗന്ദേർബൽ ജില്ലയിൽ ശ്രീനഗർ-ലേ ദേശീയപാതയിലെ ടണൽനിർമാണത്തിനെത്തിയ ഇതരസംസ്ഥാന തൊഴിലാളികളുടെ ക്യാമ്പിനുനേരേയായിയിരുന്നു ആക്രമണം. വെള്ളിയാഴ്ച ഭീകരാക്രമണത്തിൽ ബിഹാർ സ്വദേശിയായ അശോക് കുമാർ ചൗഹാൻ മരിച്ചിരുന്നു.