ന്യൂഡൽഹി:സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ജീവ് ഖന്നയെ നിയമിച്ചു. നവംബര്‍ പത്തിന് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് വിരമിക്കുന്ന സാഹചര്യത്തിലാണ് ജസ്റ്റിസ് ഖന്നയെ നിയമിക്കുന്നത്. നവംബര്‍ 11-ന് സുപ്രീം കോടതിയുടെ 51-ാം ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ഖന്ന ചുമതലയേല്‍ക്കുമെന്ന് കേന്ദ്രം അറിയിച്ചു.
കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്‌വാളാണ് ഇക്കാര്യം അറിയിച്ചത്. നിലവിൽ സുപ്രിംകോടതിയിലെ മുതിർന്ന രണ്ടാമത്തെ ജഡ്ജിയാണ് ജ. ഖന്ന. സ്ഥാനമൊഴിയുന്നതിനു മുന്നോടിയായി ചീഫ് ജസ്റ്റിസ് ഏറ്റവും സീനിയര്‍ ജഡ്ജിയെ തന്റെ പിന്‍ഗാമിയായി ശുപാര്‍ശ ചെയ്യുന്നതാണ് രീതി. അതിന്റെ ഭാഗമായി അടുത്ത ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ജീവ് ഖന്നയെ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് നേരത്തെ ശുപാര്‍ശ ചെയ്തിരുന്നു.
ഡൽഹി സ്വദേശിയായ അദ്ദേഹം 1983ൽ ഡൽഹി തീസ് ഹസാരി കോടതിയിൽ അഭിഭാഷകനായാണ് നിയമരംഗത്തെ കരിയറിനു തുടക്കമിടുന്നത്. 2005-ൽ ഡൽഹി ഹൈക്കോടതിയിൽ അഡീഷണൽ ജഡ്ജിയായി. അടുത്തവർഷം ഡൽഹി ഹൈക്കോടതിയിൽ സ്ഥിരം ജഡ്ജിയുമായി.