ഭൂമിയിലെ തന്നെ ഏറ്റവും ചൂടേറിയ വരണ്ട പ്രദേശങ്ങളിലൊന്നാണ് അമേരിക്കയിലെ ഡെത്ത് വാലി. മരുഭൂമി എന്നതിനപ്പുറം വൈരുദ്ധ്യമുള്ളതും വ്യത്യസ്തമായതുമായ കാഴ്ചകളുടെ സമ്പന്നതയാണ് ഈ മരണത്തിന്റെ താഴ്‌വരയിലേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്നത്. സമുദ്രനിരപ്പിലും താഴെയുള്ള പ്രദേശങ്ങളും അങ്ങകലെ മലമുകളിലെ മഞ്ഞുതൊപ്പിയും കാട്ടുപൂക്കളും സ്വയം നീങ്ങുന്ന കല്ലുകളും മരുഭൂമിയുടെ സംഗീതവും ചെകുത്താന്റെ ഗോള്‍ഫ് കളിസ്ഥലവും പഴഞ്ചന്‍ ഖനികളുമെല്ലാം ചേര്‍ന്ന് താരതമ്യങ്ങളില്ലാത്ത കാഴ്ചകളാണ് ഡെത്ത് വാലി സഞ്ചാരികള്‍ക്ക് നല്‍കുക. അമേരിക്കയിലെ കലിഫോര്‍ണിയയിലും നെവാഡയിലുമായി പരന്നു കിടക്കുന്ന ഡെത്ത് വാലിക്ക് 7,800 ചതുരശ്ര കിലോമീറ്ററോളം വിസ്തീര്‍ണമുണ്ട്. ഏതാണ്ട് 1600 കിലോമീറ്ററോളം റോഡുള്ള ഡെത്ത് വാലിയാണ് അമേരിക്കയിലെ ഏറ്റവും വലിയ ദേശീയ പാര്‍ക്ക്. 1913 ജൂലൈ 10ന് അമേരിക്കന്‍ കാലാവസ്ഥാ ബ്യൂറോ ഇവിടെ രേഖപ്പെടുത്തിയ ഊഷ്മാവ് 56.7 ഡിഗ്രി സെല്‍ഷ്യസാണ്. ഇന്നുവരെ രേഖപ്പെടുത്തിയതില്‍ വച്ച് ഏറ്റവും ഉയര്‍ന്ന ഊഷ്മാവാണിത്.
സമുദ്രനിരപ്പില്‍ നിന്ന് 282 അടി വരെ താഴെയുള്ള പ്രദേശമുണ്ട് ഡെത്ത് വാലിയില്‍, ബാഡ്‌വാട്ടര്‍ ബാസിന്‍. ഒറ്റനോട്ടത്തില്‍ മഞ്ഞെന്ന് തോന്നിപ്പിക്കുന്ന മണ്ണിലെ പാളികള്‍ യഥാര്‍ഥത്തില്‍ ഉപ്പാണ്. പക്ഷേ, ഈ മരുഭൂമിയില്‍ എങ്ങനെ ഉപ്പ് എത്തിപ്പെട്ടു? മഴയില്‍ പാറകളില്‍ നിന്നുള്ള ധാതുക്കള്‍ ഒലിച്ചിറങ്ങി ഊര്‍ന്നിറങ്ങിയാണ് കാലാന്തരത്തില്‍ ഇത് രൂപപ്പെട്ടത്. അപൂര്‍വമായെങ്കിലും കനത്ത മഴയില്‍ താല്‍ക്കാലിക തടാകങ്ങളും ഡെത്ത് വാലിയില്‍ രൂപപ്പെടാറുണ്ട്. പിന്നീട് വെള്ളം ആവിയായി പോവുകയും ധാതുക്കള്‍ അവശേഷിക്കുകയും ചെയ്യുന്നു. എളുപ്പമല്ല ഡെത്ത് വാലിയിലെ ചൂടിനെ അതിജീവിക്കാന്‍. 2018ല്‍ ഭൂമിയിലെ ഏറ്റവും ചൂടേറിയ ഈ പ്രദേശത്തെ ചൂട് പരമാവധിയിലെത്തി. അന്ന് ദിവസം ശരാശരി 42 ഡിഗ്രി സെല്‍ഷ്യസായിരുന്നു ചൂട്. തുടര്‍ച്ചയായി നാല് ദിവസങ്ങള്‍ പരമാവധി ചൂട് 52.7 ഡിഗ്രി രേഖപ്പെടുത്തുകയും ചെയ്തു. ജീവന് തന്നെ ആപത്താണ് ഇത്തരം അത്യുഷ്ണം.
കൂടുതല്‍ ആള്‍സഞ്ചാരമുള്ള മേഖലകളിലൂടെ യാത്ര ചെയ്യണമെന്ന് പലപ്പോഴും മുന്നറിയിപ്പു നല്‍കാറുണ്ട്. വാഹനങ്ങള്‍ക്ക് എന്തെങ്കിലും കേടുപാടുകള്‍ സംഭവിച്ചാല്‍ സഹായിക്കാന്‍ പോലും ഒരാളും ഉണ്ടാവില്ലെന്നതാണ് ഇത്തരം മുന്നറിയിപ്പുകള്‍ക്കു പിന്നില്‍. പരമാവധി വെള്ളം കുടിക്കുക, ലഘുഭക്ഷണം കഴിക്കുക, ചൂട് കൂടുതലുള്ള സമയങ്ങളില്‍ എസിക്ക് പുറത്ത് അധികം സമയം ചിലവഴിക്കാതിരിക്കുക ഇതൊക്കെ പ്രാഥമികമായി എല്ലാ സഞ്ചാരികളും ഡെത്ത് വാലിയിലെത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്. വരണ്ട കാലാവസ്ഥയും ചൂടും ഉഷ്ണക്കാറ്റും പ്രതീക്ഷിച്ചെത്തുന്നവര്‍ക്ക് അപൂര്‍വമായെങ്കിലും മരുഭൂമിയിലെ പൂക്കാലം കാണാനുള്ള ഭാഗ്യം ലഭിക്കാറുണ്ട്. നോക്കെത്താ ദൂരത്തോളം ഒരേ നിറമുള്ള പൂക്കള്‍ വിരിച്ച പ്രകൃതിയുടെ പരവതാനി ഡെത്ത് വാലിയിലെ സുന്ദര കാഴ്ചകളിലൊന്നാണ്. സ്വര്‍ണ നിറത്തിലും വയലറ്റിലും പിങ്കിലും മഞ്ഞയിലും വെളുപ്പിലുമൊക്കെ ഈ പരവതാനി നിറം മാറി വരാറുണ്ട്.
വെറും രണ്ട് സെന്റിമീറ്ററില്‍ താഴെമാത്രം മഴ മതി വരണ്ടുണങ്ങിയ മണ്ണില്‍ ഉറങ്ങികിടക്കുന്ന വിത്തുകളെ ഉണര്‍ത്താന്‍. ഈ ചെടികള്‍ ഉണങ്ങാതെ തുടരാന്‍ ചെറിയ മഴയെങ്കിലും പിന്നീട് ലഭിക്കേണ്ടതുണ്ട്. മഞ്ഞുകാലത്തും വസന്തകാലത്തുമാണ് ഡെത്ത് വാലി പൂക്കളുടെ താഴ്‌വരയായി മാറുക. പൂക്കള്‍ക്കൊപ്പം വണ്ടുകളും പൂമ്പാറ്റകളും മരണത്തിന്റെ താഴ്‌വരയെ ഇക്കാലത്ത് കൂടുതല്‍ സജീവവും സുന്ദരവുമാക്കും. ഡെത്ത് വാലിയിലെ പൂക്കാലങ്ങളുടെ വിശേഷങ്ങള്‍ ഔദ്യോഗിക വെബ് സൈറ്റില്‍ വിശദമായി നല്‍കിയിട്ടുമുണ്ട്. പാറകള്‍ ചലിക്കുമോ? എന്നാണ് ചോദ്യമെങ്കില്‍ ഡെത്ത് വാലിയിലെ പാറകള്‍ ചലിക്കുമെന്നാണ് ഉത്തരം. സ്വയം ചലിക്കുക മാത്രമല്ല പോയവഴി വ്യക്തമായി വാലു പോലെ പിന്നില്‍ രേഖപ്പെടുത്തുകയും ചെയ്യും. 300 കിലോഗ്രാം വരെ ഭാരമുള്ള കൂറ്റന്‍ പാറകള്‍ 1500 അടി ദൂരത്തേക്ക് വരെ സഞ്ചരിച്ചത് രേഖപ്പെടുത്തിയിട്ടുണ്ട്. വര്‍ഷങ്ങളോളം ശാസ്ത്ര ലോകത്തിന് ഒരു പ്രഹേളികയായിരുന്നു ഇത്.
ഒടുവില്‍ 2014ലാണ് കല്ലുകളുടെ ഈ നിരങ്ങിപ്പോക്കിനെക്കുറിച്ച് ഒരു വിശദീകരണം ലഭിക്കുന്നത്. പകല്‍ സമയം കൊടും ചൂടാണെങ്കിലും രാത്രി ഇവിടെ തണുത്ത കാലാവസ്ഥയാണ്. മഞ്ഞുകാലങ്ങളില്‍ അപൂര്‍വ്വമായി കല്ലിനും മണ്ണിനും ഇടയിലായി ഐസും രൂപപ്പെടാറുണ്ട്. മഞ്ഞുകട്ടയുടെ ഈ നേര്‍ത്ത പാളി പിന്നീട് പകല്‍ ഉരുകും. ഈ സമയം കാറ്റും മഞ്ഞും ഭൂഗുരുത്വാകർഷണവും ചേര്‍ന്നാണ് പാറകളെ ചലിപ്പിക്കുന്നത്. ഈ മരണത്തിന്റെ താഴ്‌വരയില്‍ മരുഭൂമിയുടെ പാട്ടും കേള്‍ക്കാം. മെസ്‌ക്വിറ്റ് ഫ്‌ളാറ്റ് മണല്‍ കൂനയിലാണ് സഞ്ചാരികള്‍ക്ക് പോകാന്‍ അനുമതിയുള്ളത്. ഇവിടെ 680 അടി വരെ ഉയരത്തില്‍ മണല്‍ കൂനകള്‍ ഉണ്ടായതായി രേഖപ്പെടുത്തിയിട്ടുണ്ട്. ഈ മണല്‍കൂനക്ക് മുകളില്‍ കയറിയിരിക്കുമ്പോഴാണ് മരുഭൂമിയിലെ സംഗീതം ആസ്വദിക്കാനാവുക. മണല്‍കൂനകളെ തഴുകി കാറ്റ് കടന്നുപോകുമ്പോഴാണ് പൈപ്പ് ഓര്‍ഗണില്‍ നിന്നുള്ളതുപോലെയുള്ളതും വിമാനത്തിന്റേതു പോലെയുള്ളതുമായ ശബ്ദം കേള്‍ക്കാനാവുക.
ചെകുത്താന് മാത്രം ഗോള്‍ഫ് കളിക്കാന്‍ പറ്റുന്ന സ്ഥലമാണ് ഡെവിള്‍സ് ഗോള്‍ഫ് കോഴ്‌സ്. നോക്കെത്താ ദൂരത്തോളം ചെളികട്ടകള്‍ ഉറച്ചു പോയതു പോലെയുള്ള പ്രതലമാണിവിടെ. ഇവിടെ നിന്നുകൊണ്ട് ചെവിയോര്‍ത്താല്‍ കോടിക്കണക്കിന് ചെറു ഉപ്പു പരലുകള്‍ ചൂടില്‍ ചുരുങ്ങുന്നതും വികസിക്കുന്നതും മൂലമുള്ള ശബ്ദവും കേള്‍ക്കാം. ആയിരക്കണക്കിന് വര്‍ഷങ്ങള്‍കൊണ്ട് പ്രകൃതി ഒരുക്കിയെടുത്ത കാഴ്ചകളുടെ സമ്പന്നതയാണ് ഡെത്ത് വാലി. 25 അടിയോളം ഉയരമുള്ള വിചിത്ര തേനീച്ചക്കൂടിനെ ഓര്‍പ്പിക്കുന്ന ചൂളകളാണ് ഇവിടുത്തെ മറ്റൊരു കാഴ്ച. 1877ലാണ് ഇവിടെ മരക്കരി ചൂളകള്‍ നിര്‍മ്മിക്കപ്പെടുന്നത്. ഈയവും വെള്ളിയും ഖനനം ചെയ്‌തെടുക്കാന്‍ വേണ്ടിയായിരുന്നു ഇത്. ഇന്ന് ഡെത്ത് വാലിയുടെ ചരിത്രം രേഖപ്പെടുത്തപ്പെട്ട മനുഷ്യ നിര്‍മിതികളായി ഇവ അവശേഷിക്കുന്നു.
ഡെത്ത് വാലിയിയിലെ അഗ്നി പര്‍വതത്തിന്റെ അവശേഷിപ്പാണ് യുബെഹെബെ ക്രാറ്ററിലുള്ളത്. ഏതാണ്ട് 600 അടി താഴ്ചയും ഒന്നര കിലോമീറ്റര്‍ ചുറ്റളവുമുണ്ട് ഈ പ്രകൃതിയൊരുക്കിയ കുഴിക്ക്. ഏതാണ്ട് 2100 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഇത് നിര്‍മിക്കപ്പെട്ടതെന്ന് കരുതുന്നു. എന്നാല്‍ 300 വര്‍ഷം മുമ്പായിരുന്നു ഇവിടെ അവസാന സ്‌ഫോടനമുണ്ടായതെന്നാണ് കരുതപ്പെടുന്നത്. പ്രകൃതിയിലെ പ്രവര്‍ത്തനങ്ങള്‍ എത്രത്തോളം ശക്തമാണെന്ന് കാണിച്ചു തരും ഈ അഗ്നിപര്‍വ്വതക്കുഴി. നാട്ടുകാരായ റെഡ് ഇന്ത്യന്‍സ് ടം പിന്‍ ട വോസ എന്നാണ് ഇതിനെ വിളിക്കുന്നത്. പ്രദേശത്ത് കാണപ്പെടുന്ന ചെന്നായയുടെ വര്‍ഗത്തില്‍ പെട്ട കയോട്ടി എന്ന ജീവിയുടെ കുട്ടയെന്നാണ് ഈ പേരിന്റെ അര്‍ഥം.
STORY HIGHLLIGHTS : Death Valley: One of the Most Extreme Places on Earth